തിരുവനന്തപുരം: കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ തുറമുഖങ്ങള്‍ വഴി പാം ഓയിലോ പാമോലിന്‍ ഓയിലോ ഇറക്കാന്‍ അനുവദിച്ചാല്‍ അത് കേരളത്തിലെ ദരിദ്രരും ചെറുകിടക്കാരുമായ നാളികേര കൃഷിക്കാരെ കൂടുതല്‍ പ്രയാസത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാം ഓയില്‍ ഇറക്കുമതി നാളികേരത്തിന്‍റെയും വെളിച്ചെണ്ണയുടെയും വിലയിടിക്കുമെന്ന് കണ്ടാണ് കേരള തുറമുഖങ്ങളില്‍ 2007 ഡിസംബര്‍ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ആ നിരോധനം നിലനില്‍ക്കുകയാണ്. നിരോധനത്തിന് എതിരെയുള്ള അപ്പീല്‍ 2015-ല്‍ സുപ്രീം കോടതി തള്ളിക്കളയുകയാണുണ്ടയത്.
എന്നാല്‍ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്ന വ്യവസായികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.
വിലയിടിവ് കാരണം ദുരിതത്തിലായ നാളികേര കൃഷിക്കാരെ കൂടതല്‍ ബുദ്ധിമുട്ടിക്കുന്ന നീക്കം തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും വാണിജ്യ മന്ത്രാലയത്തിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിലെ തുറമുഖങ്ങളില്‍ പാം ഓയിലിനുള്ള നിരോധനം ദക്ഷിണേന്ത്യയിലെ മറ്റു തുറമുഖങ്ങള്‍ക്കും ബാധകമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.