പാലിയേക്കര ടോൾ: കമ്പനിയുടെ 125.21 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു

കൊച്ചി: തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയുടെ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ) കമ്പനിയുടെ പേരിലുള്ള 125.21 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് നടപടി. 2006 മുതൽ 2016 വരെ കാലയളവിൽ ദേശീയപാത അതോറിറ്റിയിൽനിന്ന് (എൻ.എച്ച്.എ.ഐ) കമ്പനി 102.44 കോടി തട്ടിയെടുത്തായും ഇ.ഡി കണ്ടെത്തി. ജി.ഐ.പി.എല്ലിന്‍റെ ഉപകരാർ കമ്പനിയായ കെ.എം.സി കൺസ്ട്രക്ഷൻസിന്‍റെ 1.37 കോടിയുടെ നിക്ഷേപവും മരവിപ്പിച്ചിട്ടുണ്ട്.

ജി.ഐ.പി.എല്ലിന്‍റെ പാലിയേക്കരയിലെ ഓഫിസ് ഇ.ഡി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. റോഡ് നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എൻ.എച്ച്.എ.ഐയുടെ പാലക്കാട് ഓഫിസിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ജി.ഐ.പി.എൽ മുൻ ഡയറക്ടർ വിക്രം റെഡ്ഢി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ഇതുവഴി കമ്പനി 102.44 കോടിയുടെ നഷ്ടം വരുത്തിവെച്ചെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

റോഡ് നിർമാണം പൂർത്തിയാക്കാതെതന്നെ പൂർത്തീകരണ സർട്ടിഫിക്കറ്റ് സമ്പാദിച്ച് ടോൾ പിരിവ് തുടങ്ങുകയായിരുന്നുവെന്ന് ഇ.ഡി പരിശോധനയിൽ കണ്ടെത്തി. ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യത്തിന് സ്ഥലം വാടകക്ക് നൽകി അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായും ഇ.ഡിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Paliyekkara Toll: ED freezes 125.21 crore investment of company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.