പാലിയേക്കരയിൽ ​ടോൾ പിരിവ് നിർത്തി; ഗതാഗതക്കുരുക്ക്​ ഒഴിവാക്കിയ ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്ന് കലക്ടർ

തൃശൂർ: സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നത്​ വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ തൃശൂർ ജില്ല കലക്ടർ ഉത്തരവിട്ടു. ഉത്തരവ് ദേശീയപാത അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായ ശേഷം ഉത്തരവ് പുനഃപരിശോധിക്കും. അടിപ്പാത നിർമാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി.

ദേശീയപാത 544ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് ദേശീയപാത അതോറിറ്റിയുമായി ജില്ല ഭരണകൂടം നേരത്തേ ചർച്ച നടത്തിയിരുന്നു. കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കാത്തതിനെ തുടർന്ന് ടോൾ പിരിവ് നിർത്തലാക്കാൻ ഏപ്രിൽ 16ന് എടുത്ത തീരുമാനം നാഷണൽ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിക്കുകയായിന്നു. ഏപ്രിൽ 28നകം പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16ലെ തീരുമാനം നടപ്പാക്കുമെന്ന് 22ലെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റി ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ചാലക്കുടി ഡിവൈ.എസ്.പി, ചാലക്കുടി ആർ.ടി.ഒ, ചാലക്കുടി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.

Tags:    
News Summary - paliyekkara national highway toll collection temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.