കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകതയെ തുടർന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽപ്പെടുത്തിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. അഞ്ച് വർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ നടപടി ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച ഹരജി ജസ്റ്റിസ് വിജു എബ്രഹാം തള്ളി.
കാരണം കാണിക്കാതെയാണ് കരിമ്പട്ടികയിൽപെടുത്തിയതെന്നായിരുന്നു കമ്പനിയുടെ ഹരജി. വിശദീകരണങ്ങളടക്കം കേട്ട് കാരണസഹിതം വേണം നടപടിയെടുക്കാനെന്ന കോടതി ഉത്തരവുകളൊന്നും സർക്കാർ പാലിച്ചിട്ടില്ല. മേൽപാലം പുതുക്കിപ്പണിയേണ്ടിവന്നതുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കരാർ ലംഘനം നടത്തി. ഉദ്ഘാടനം നടത്താൻ 2016ൽ മഴക്കാലം വകവെക്കാതെ പണി പൂർത്തിയാക്കേണ്ടിവന്നു. 1992 മുതൽ നിർമാണ രംഗത്തുള്ള തങ്ങൾ ഇന്ത്യയൊട്ടാകെ 100ലേറെ പദ്ധതികൾ പൂർത്തിയാക്കിയെന്നും 45 പദ്ധതികൾ കേരളത്തിലാണെന്നും ഇവയിൽ 23 എണ്ണം പാലങ്ങളാണെന്നും ആർ.ഡി.എസ് വാദിച്ചു. എന്നാൽ, കമ്പനിയിൽനിന്ന് വിശദീകരണം തേടിയ ശേഷമാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു.
നേരത്തേ കരിമ്പട്ടികയിൽപ്പെടുത്തിയപ്പോൾ കമ്പനി നൽകിയ ഹരജിയിൽ ഇവരിൽനിന്ന് വിശദീകരണം തേടിയശേഷം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നടപടിയെടുക്കുംമുമ്പ് വാദങ്ങൾ ഉന്നയിക്കാൻ മതിയായ സാവകാശം ഹരജിക്കാർക്ക് ലഭിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
മാത്രമല്ല, കോടതി നിർദേശപ്രകാരം ജോലിയിലെ പിഴവ് മൂലം കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാവുന്ന രീതിയിൽ പൊതുമരാമത്ത് മാനുവൽ ഭേദഗതിക്ക് സർക്കാർ നടപടിയെടുത്തിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ നിർമാണത്തിൽ അപാകത കണ്ടെത്തിയാൽ കരിമ്പട്ടികയിൽപ്പെടുത്താനാവും. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ മൂന്ന് വർഷത്തിനകം പിഴവ് കണ്ടുപിടിച്ചിരുന്നു.
പാലം ഉപയോഗയോഗ്യമാകണമെങ്കിൽ പുനർനിർമിക്കണമെന്ന വിദഗ്ധ റിപ്പോർട്ടുകളും ഉണ്ടായി. പാലത്തിലെ 102 ഗർഡറുകളിൽ 97നും കൂടുതൽ ദൃഢപ്പെടുത്തൽ ആവശ്യമുണ്ടെന്നാണ് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ദുർബലമായ ഭാഗം പൊളിച്ചുനീക്കി ബലപ്പെടുത്തൽ ജോലികൾ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജിക്കാർക്കെതിരെ നടപടിയുണ്ടായത്. ഭാരപരിശോധനക്ക് ഹരജിക്കാർക്ക് ഹൈകോടതി നൽകിയ അനുമതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ഉന്നതതല സാങ്കേതിക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഈ ഉത്തരവുണ്ടായത്. ഇതിലൂടെ സർക്കാർ നടപടി അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പുനർനിർമാണത്തിനുള്ള തുക കമ്പനിയിൽനിന്ന് ഈടാക്കാനുള്ള ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. ഈ വസ്തുതകൾ കണക്കിലെടുത്തും എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് സർക്കാർ നടപടിയെടുത്തതെന്നത് പരിഗണിച്ചും ഹരജി തള്ളുന്നതായി സിംഗിൾബെഞ്ച് വ്യക്തമാക്കി. കരിമ്പട്ടികയിൽപ്പെടുത്തിയത് നിയമപരമായാണ് എന്നതിനാൽ നടപടിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.