പാലക്കാട് ഭൂരേഖാ തഹസീൽദാർ അരലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

പാലക്കാട് : പാലക്കാട് ഭൂരേഖാ തഹസീൽദാർ അരലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ. ഹൈകോടതി ഉത്തരവുണ്ടായിട്ടും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങവെയാണ് ഭൂരേഖാ തഹസീൽദാറായ സുധാകരനെ പാലക്കാട് വിജിലൻസ് യൂനിറ്റ് കൈയോടെ പിടികൂടിയത്.

കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ വർഷം അവസാനത്തോടെ ഹൈകോടതി ഉത്തരവിന്റെ പകർപ്പടക്കം താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പല പ്രാവശ്യം ഭൂരേഖ തഹസീൽദാറായ സുധാകരനെ സമീപിച്ചപ്പോഴും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അങ്ങനെ പെട്ടെന്നൊന്നും തരാൻ സാധിക്കില്ലായെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും വലിയൊരു പദ്ധതിക്കുവേണ്ടി ആയതിനാൽ ചെലവ് ചെയ്യേണ്ടി വരുമെന്നും അറിയിച്ചു.

തുടർന്ന് ഇന്ന് രാവിലെ പരാതിക്കാരൻ ഫോണിൽ സുധാകരനെ വിളിച്ചപ്പോൾ 50,000 രൂപ കൈക്കൂലിയുമായി വൈകീട്ട് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈവിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ഭൂരേഖ തഹസീൽദാർ ഓഫീസിൽ വച്ച് 50,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടിക്കുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Palakkad land registry tehsildar caught in vigilance while accepting bribe of Rs.50000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.