കഞ്ചിക്കോട്ടെ തീവെപ്പ്: സൂത്രധാരന്‍ പിടിയില്‍


പാലക്കാട്: കഞ്ചിക്കോട് ചടയന്‍കാലായിയില്‍ വീടിന് തീപിടിച്ച് രണ്ട് ബി.ജെ.പി അനുഭാവികള്‍ മരിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകനായ ചടയന്‍കാലായ് തോട്ടുമേട് വീട്ടില്‍ അജി എന്ന അജിത്ത്കുമാറാണ് (22) പിടിയിലായത്. പാലക്കാട് എ.എസ്.പി എ. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി കഞ്ചിക്കോട്ടാണ് കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍ 28 പുലര്‍ച്ചയാണ് ബി.ജെ.പി മുന്‍ പഞ്ചായത്ത് അംഗം കണ്ണന്‍െറ ജ്യേഷ്ഠന്‍ രാധാകൃഷ്ണന്‍െറ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ക്ക് ഒരു സംഘം തീവെച്ചത്. തീ ആളിപ്പടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും വീടിന് പുറത്ത് കൂടി നിന്നവരിലേക്ക് പടരുകയുമായിരുന്നു. കണ്ണന്‍, ഭാര്യ വിമലാദേവി, ജ്യേഷ്ഠന്‍ രാധാകൃഷ്ണന്‍, ജ്യേഷ്ഠപുത്രന്‍ ആദര്‍ശ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. രാധാകൃഷ്ണന്‍ (56), ജനുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിമലാദേവി (32) ജനുവരി 16ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മരിച്ചു.

വാളയാര്‍ സത്രപ്പടിയിലുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ സോംബി എന്ന സതീഷിന്‍െറ വാഹനം കത്തിച്ച കേസില്‍ നേരത്തേ അജിത്ത് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കുടുക്കിയതിലുള്ള പ്രതികാരം തീര്‍ക്കാന്‍ കണ്ണന്‍െറ ബൈക്ക് കത്തിക്കാന്‍ അജിത്ത് കുമാര്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ ഫലമായാണ് പിറ്റേന്ന് പുലര്‍ച്ച രാധാകൃഷ്ണന്‍െറ വീടിനോട് ചേര്‍ന്ന ബൈക്കുകള്‍ അഗ്നിക്കിരയാക്കിയത്. വാളയാര്‍ കേസില്‍ റിമാന്‍ഡിലായിരുന്ന അജിത്ത് കുമാര്‍ ജനുവരി 28ന് ജാമ്യത്തിലിറങ്ങിയിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് സൂചന ലഭിച്ച ഇയാള്‍ ഒളിവില്‍ പോയിരുന്നു.

Tags:    
News Summary - palakkad fire blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.