പത്മനാഭസ്വാമി ക്ഷേത്രം: ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി, ആഭ്യന്തരമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി ക്ഷേത്ര ഭരണസമിതിയോട് വിശദീകരണം തേടി. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം തേടിയത്. എന്നാൽ പൊലീസ് റിപ്പോര്‍ട്ട് ക്ഷേത്ര ഭരണസമിതി തള്ളുകയാണ്. ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നത് പോലെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും കാണാതായിട്ടില്ലെന്നാണ് ഭരണസമിതി വ്യക്തമാക്കുന്നത്.

നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്ന് നഷ്‌ടമായിട്ടില്ലെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. ഭരണസമിതിയുടെ അടിയന്തര യോഗം ചേർന്ന ശേഷമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാറിന് കത്ത് നൽകിയേക്കും. സുപ്രീംകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ത്രീ ടയർ സുരക്ഷക്കിടയിലും അമൂല്യനിധി ശേഖരത്തിന്‍റെ പേരിൽ ലോക പ്രശസ്തമായ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായെന്നും നിരന്തരം സുരക്ഷാവീഴ്ച സംഭവിക്കുന്നെന്നുമുള്ള റിപ്പോർട്ടാണ് ഡി.ജി.പി രവഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഡി.ജി.പിക്ക് വേണ്ടി പൊലീസ് ആസ്ഥാനം എ.ഡി.ജി.പി എസ്. ശ്രീജിത്താണ് റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി ക്ഷേത്രസമിതിയോട് വിശദീകരണം തേടിയത്. ക്ഷേത്രത്തിന് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തണമെന്നതടക്കമുള്ള ശിപാർശകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

അതേസമയം, റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ഇത് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ക്ഷേത്ര ഭരണസമിതി ആവശ‍്യപ്പെട്ടും. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണ്. റിപ്പോർട്ടിൽ നഷ്ടപ്പെട്ടുവെന്ന് പറയുന്ന വൈരനാമവും വിളക്കും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം ശ്രീകോവിലിനുള്ളിൽ ഭദ്രമായുണ്ട്.

Tags:    
News Summary - Padmanabhaswamy Temple: Temple governing body rejects DGP's report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.