നെടുങ്കണ്ടം (ഇടുക്കി): പച്ചടി ഇരട്ടക്കൊല കേസ് പ്രതി സജി, പിതാവിനെ കൊലപ്പെടുത്തി വീടിന് നമീപം കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ രണ്ടാംദിന തെരച്ചിലിലും തെളിവുകള്‍ ലഭ്യമായില്ല. ഇതോടെ പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലഭിച്ച അസ്ഥികഷണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
പച്ചടി പൊന്നുട്ടയില്‍ മാത്യുവിന്റെ ഭാര്യ മേരികുട്ടിയെയും മകന് റെജിയെയും ഇളയ മകന് സജി കൊലപെടുത്തി കുഴിച്ചു മൂടിയ പ്രദേശത്താണ് പൊലീസ് പരിശോധന നടത്തിയത്. വീടിന്റെ പിന്‍ഭാഗത്ത് സംശയം തോന്നിയ സ്ഥലങ്ങളില്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് ശനിയാഴ്ചയും കുഴിയെടുത്ത് പരിശോധിച്ചു. ആദ്യദിനത്തിലെ പരിശോധനയില്‍ എല്ലിന്‍കഷണവും വസ്ത്രാവശിഷ്ഠങ്ങളും ലഭിച്ചിരുന്നു. എല്ലിന്‍കഷ്ണം മനുഷ്യന്റെയോ, മൃഗത്തിന്റെയോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. മൃഗത്തിന്റേതാണെന്നാണ് പ്രഥമിക നിഗമനം.
പ്രതി മൊഴി മാറ്റിപറയുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പിന്നീട് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തുടര്‍ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. അതേസമയം, പിതാവിനെ കാണാതായതില്‍ തന്റെ പങ്ക് സംബന്ധിച്ച് സജി ഇതുവരെയും പൊലീസിന് വിവരങ്ങളൊന്നും നല്‍കിയില്ലെന്നാണ് സൂചന. 2018 മാര്‍ച്ച് മൂന്നിനാണ് സജിയുടെ പിതാവ് മാത്യുവിനെ കാണാതായത്. മകളുടെ ചികിത്സാവശ്യത്തിനായി കട്ടപ്പന വെള്ളയാംകുടിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനാൽ റെജി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു.
മാത്യു ബസില്‍ കയറി പോകുന്നത് നാട്ടുകാര്‍ കണ്ടതായി അന്ന് പറഞ്ഞിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. കഴിഞ്ഞ മാസം അമ്മയെയും സഹോദരനെയും സജി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറംലോകം അറിഞ്ഞതോടെയാണ് എട്ടുവര്‍ഷത്തിനുശേഷം മാത്യുവിന്റെ തിരോധാനത്തിലും സംശയമുണ്ടായത്. പൊലീസിന്റെ അന്വേഷണം തൃപ്തികരമെന്ന് മാത്യുവിന്റെ മകള്‍ സിനി പറഞ്ഞു. അമ്മ മേരികുട്ടിയെയും സഹോദരന് റെജിയെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സിനി നല്കിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ നാലിനാണ് ഇരുവരെയും സജി കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.