തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
നികുതി ഇളവിനുള്ള തീരുമാനം പിൻവലിക്കണം. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പു തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്നും സുധീരൻ പറഞ്ഞു. ‘കേരളത്തില്‍ കൃത്യമായി എത്ര ബാര്‍ ഉണ്ടെന്ന് ഇനിയും പുറത്തുവരേണ്ടതുണ്ട്. ചര്‍ച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നേരത്തെ യു.ഡി.എഫിലും കോണ്‍ഗ്രസിലും ചര്‍ച്ച വേണം’ -സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറക്കുക, ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് നയം.
ലഹരിയുടെ വ്യാപനമൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാറാണ് മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ കുറ്റപ്പെടുത്തി. ബജറ്റ് നിർദേശം പിൻവലിക്കണം. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കരിമണൽ ഖനനത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ സംശയങ്ങളുണ്ടെന്ന് സുധീരൻ വ്യക്തമാക്കി.
‘പിണറായി സർക്കാറിന്റെ തകർച്ചക്ക് കാരണം ജനവിരുദ്ധ നയങ്ങളാണ്. ആ സ്ഥിതി യു.ഡി.എഫിന് ഉണ്ടാകാൻ പാടില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി ബന്ധപ്പെട്ട് ആലോചിക്കണം. സർവസമ്മതമായ തീരുമാനമെടുത്ത് മുന്നോട്ട് പോകണം. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതുപോലെ തന്നെയാണ് പറഞ്ഞത്. ഖനനമില്ല. സ്വകാര്യമേഖലക്ക് നൽകില്ല. ഇതൊക്കെ പിണറായിയും പറഞ്ഞിരുന്നു’ -സുധീരൻ കൂട്ടിച്ചേർത്തു.
സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന് ജനപ്രീതി നഷ്ടപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. വീഴ്ചകളുണ്ടാകുമ്പോൾ പല ആളുകളും തന്നെയാണ് വിളിക്കുന്നതെന്നും സുധീകരൻ വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സുധീരൻ പ്രശംസിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നു. പൊലീസിനേയും ആഭ്യന്തര മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.