കോഴിക്കോട്: ഭയപ്പെട്ട് ഒളിച്ചോടാൻ തീരുമാനിച്ചിട്ടില്ല, തല അറുക്കും വരെ നിലപാടുകൾ നിർഭയം പറയുമെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ഡിയുടെ റെയ്ഡ് നടത്തി തന്നെയും സുഹൃത്തുക്കളെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമം നടക്കുന്നതെന്നും റിയാസ് ആരോപിച്ചു. സി.എം.ആർ.എൽ. - എക്സാലോജിക് പണമിടപാട് കേസിൽ ഇ.ഡി. തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് റിയാസിന്റെ പ്രതികരണം. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളുടെ വീടുകളിലടക്കം എട്ടിടങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്.
ഇവരുമായി മന്ത്രിയായതിനു ശേഷമോ എം.എൽ.എ.യായതിനു ശേഷമോ ഉണ്ടായ ബന്ധങ്ങളല്ല അത്. കോളേജ് കാലം തൊട്ടുള്ള സുഹൃത്തുക്കളാണ്. റെയ്ഡിന്റെ ഭാഗമായി രാവിലെ മുതൽ രാത്രിവരെ ചോദ്യം ചെയ്തു. നിയമപരമായും മാന്യമായും ബിസിനസ് ചെയ്യുന്നവരാണ്. ഒരു പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പല മേഖലകളിലുമുള്ള ആളുകളുമായും ബന്ധമുണ്ട്. അതിൽ ബിസിനസുകാരും ഉണ്ട്. ഇനിയും ബന്ധമുണ്ടാകും. ഇന്നലെ ഇ.ഡി. കയറി എന്ന് വിചാരിച്ച് ആ വീട്ടിലുള്ള ആളുകളുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൈപ്പത്തിയിൽ ജയിച്ച ചില എം.എൽ.എ.മാർ ഇ.ഡിയെ പേടിച്ച് ബി.ജെ.പി. ആയിട്ടുണ്ട്. എന്നാൽ താൻ ഇ.ഡിയെ പേടിച്ച് ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പോരാട്ടം അവസാനിപ്പിക്കില്ല. സാധാരണക്കാർക്കായി സംസാരിക്കാൻ തന്റെ പാർട്ടിയിൽ തന്നെയുണ്ടാകും. നിലപാടുകൾ നിർഭയം തുറന്നു പറയും. ഇ.ഡി. റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡ് നടത്തിയ ഇടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി ഒന്നും കണ്ടെടുക്കാൻ ഇ.ഡിക്കായിട്ടില്ലെന്ന് റിയാസ് പറഞ്ഞു. ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേർത്തു. താൻ മത്സരിക്കുമ്പോൾ സത്യവാങ്മൂലത്തിൽ കമ്പനിയെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
'ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. ബിസിനസ് നടത്തരുതെന്ന് ഭരണഘടനാപരമായി പറയാൻ കഴിയില്ല. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം. ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. രാഷ്ട്രീയപരമായും നിയമപരമായും നടപടി സ്വീകരിക്കും' റിയാസ് പറഞ്ഞു.
'ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാഷ്ട്രീയ നേതാവിന്റെ മകളും ഉന്നത വിദ്യാഭ്യാസവും നേടി എന്നത് കൊണ്ട് ബിസിനസ് നടത്തരുത് എന്ന് പറയുന്നത് ശരിയാണോ? ഭർത്താവ് എന്ന നിലയിൽ എനിക്ക് വീണയോട് പറയാനുള്ളത്, വെറുതെയിരിക്കരുത്. ബിസിനസ് ചെയ്യണം. എല്ലാ പ്രോത്സാഹനവും നൽകും. നമ്മുടെയൊന്നും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവർക്കുണ്ട്. അത് ചെയ്യുന്നതിന് ഒരു പ്രയാസവുമില്ല' റിയാസ് പറഞ്ഞു.
എക്സാലോജിക് സൊല്യുഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡെന്നാണ് വിവരം.
സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖല ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കോഴിക്കോട് സരോവരത്തെ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സരോവരത്തെ കെ.സി.കെ. ഡെന്റൽസ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് എന്നീ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.
ഇവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ സംഘം ശേഖരിച്ചു. പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്ത് മരവിപ്പിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.