മലപ്പുറം: സി.പി.എം-ആർ.എസ്.എസ് കോക്കസിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ മതേതര സമൂഹം ഒറ്റക്കെട്ടായി എതിർക്കുമ്പോൾ അതിനെ ലഘൂകരിക്കുന്ന നിലപാടാണ് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെതെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. പിണറായിസത്തെ ഒളിച്ചു കടത്തുന്ന ആര്യാടൻ ഷൗക്കത്ത് ആർ.എസ്.എസിന്റെ മറ്റൊരു പിന്തുടച്ചക്കാരനാണെന്നും അൻവർ ആരോപിച്ചു.
പിണറായി വിജയനും അദ്ദേഹത്തിന്റെ കോക്കസും കേന്ദ്രസർക്കാറും ആർ.എസ്.എസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താൻ
എട്ടൊമ്പത് മാസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഐ.എ.എസിലും ഐ.ആർ.എസിലും ഐ.പി.എസിലും ഉൾപ്പെടെ അത്തരത്തിലുള്ള വലിയൊരു സംഘം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അത് കേരളത്തിന്റെ മതേതര സ്വാതന്ത്ര്യം ഇല്ലാതാക്കും. മകളെ സംരക്ഷിക്കാനായി മുഖ്യമന്ത്രി അവരെ സംരക്ഷിച്ച് മുന്നോട്ടുപോവുകയാണ്.
അതിന്റെ ഭാഗമാണ് തൃശൂരിൽ എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കിയ സംഭവം. 20 കൊല്ലമായി ഒരു എം.പിയെ ഉണ്ടാക്കാൻ ബി.ജെ.പി നേതൃത്വം തലകുത്തി മറിഞ്ഞിട്ടും സാധിക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അജിത് കുമാർ സുന്ദരമായി നടത്തിക്കൊടുത്തു. ഹിന്ദുത്വ തീവ്രവാദവുമായി സി.പി.എം നേതൃത്വം അടുക്കുന്നതിന്റെ ഒരുപാട് തെളിവുകൾ മുമ്പും പറഞ്ഞിട്ടുളളതാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വായിൽ നിന്ന് പുറത്തുവന്നത്. ആർ.എസ്.എസുമായി പല ഘട്ടത്തിലും ഞങ്ങൾ കൂട്ടുചേർന്നിട്ടുണ്ട്. വേണ്ടി വന്നാൽ ഇനിയും കൂട്ടുചേരും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് മറ്റെന്തൊക്കെയോ പറഞ്ഞ് അദ്ദേഹം രക്ഷപ്പെടാൻ നോക്കുകയാണെന്നും അൻവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.