പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ൻ രേ​വ​തി​നാ​ൾ പി. ​രാ​മ​വ​ർ​മ രാ​ജ തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം ഉ​ത്രാ​ടം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ​ക്കൊ​പ്പം (ഫ​യ​ൽ ചി​ത്രം)

പി. രാമവർമ രാജ; കമ്യൂണിസ്റ്റ് രാജകുടുംബാംഗം

പന്തളം: അടിയന്തരാവസ്ഥ കാലഘട്ടത്തിലടക്കം എന്നും കമ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചോടു ചേർത്തുപിടിച്ച രാജകുടുംബാംഗമായിരുന്നു ബുധനാഴ്ച വിടവാങ്ങിയ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമ രാജ (103). ഇ.എം.എസ് ഉൾപ്പെടെ പാർട്ടിയുടെ പല പ്രമുഖർക്കും പന്തളം കൊട്ടാരത്തിൽ ഒളിവിൽ താമസിക്കാൻ അവസരം ഒരുക്കിയതിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. പന്തളം കൊട്ടാരത്തിലെ തലമൂത്ത കാരണവരാണ്.

2002 മേയിൽ വലിയ തമ്പുരാനായിരുന്ന കൈപ്പുഴ വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ പുണർതംനാൾ രവിവർമ രാജ അന്തരിച്ചതിനെത്തുടർന്നാണ് രാമവർമ രാജ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനായി സ്ഥാനമേറ്റത്.പന്തളം കൊട്ടാരത്തിൽ 1919 ഒക്ടോബർ 10നാണ് രാമവർമ രാജയുടെ ജനനം. 11 വയസ്സുവരെ കൊട്ടാരത്തിലെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടർന്നു. നാലാം ക്ലാസുവരെ മാവേലിക്കരയിലെ കൊട്ടാരം വക സ്പെഷൽ സ്കൂളിലും പിന്നീട് മാവേലിക്കരയിലെ സർക്കാർ സ്കൂളിലും പഠിച്ചു.

അക്കാലത്താണ് കമ്യൂണിസത്തിന്റെ വിത്ത് മനസ്സിൽ വീണത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ് കോളജിൽ ഇൻർമീഡിയേറ്റിന് ചേർന്നു. അവിടെ കൂട്ടുകാരായി കിട്ടിയത് കമ്യൂണിസം തലക്കുപിടിച്ചവരെയാണ്. പഠനത്തിന് മീതെ കമ്യൂണിസത്തെപ്പറ്റിയുള്ള ചർച്ചകൾ പടർന്നുപന്തലിച്ച നാളുകൾ. 1938ൽ തിരുവിതാംകൂർ സർവകലാശാലയിൽ ചേർന്നു. പിന്നീട് കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാലയുടെ സയൻസ് കോളജിലായിരുന്നു പഠനം. അവിടെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു. ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം മൂന്നുവർഷം നാട്ടിലെ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.

1945ലായിരുന്നു വിവാഹം. ഭാര്യ: ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണി തമ്പുരാട്ടി. വിവാഹശേഷം മുംബൈയിലെത്തി. അന്നത്തെ ജി.ഐ.പി റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. 32 വർഷം മുംബൈയിൽ ജീവിച്ചു. അയ്യപ്പന്റെ പിതൃസ്ഥാനീയൻ എന്ന കൊട്ടാരത്തിലെ മുതിർന്ന അംഗത്തിന്റെ സ്ഥാനം ലഭിച്ചത് 2002ലാണ്.

ധനു 28ന് പന്തളത്തുനിന്ന് ശബരിമലയിലേക്ക് തിരിക്കുന്ന ഘോഷയാത്രവേളയിലാണ് വലിയ രാജാവിന്റെ സാന്നിധ്യമുണ്ടാവുക. മകന് ചാർത്താനുള്ള ആഭരണങ്ങളുമായി മലചവിട്ടുന്ന രാജപ്രതിനിധിയെ ഉടവാൾ നൽകി അനുഗ്രഹിച്ച് യാത്രയാക്കുന്നത് വലിയ തമ്പുരാനാണ്. കൊട്ടാരത്തിൽ അന്ന് ആചാരപരമായ ചടങ്ങുകളും തമ്പുരാന്റെ സാന്നിധ്യത്തിലാണ് നടക്കുന്നത്.പി. രാമവർമ രാജയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ സംസ്കരിച്ചു.

ക്രിക്കറ്റ് പ്രേമി

മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം. കോളജ് ടീമിലും തുടർന്ന് സർവകലാശാല ടീമിലും ഇടംകിട്ടി. കോട്ടയം സി.എം.എസ് കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റിൽ കമ്പം കൂടിയത്. ബിരുദ പഠനത്തിന് യൂനിവേഴ്‌സിറ്റി കോളജിൽ ചേർന്നപ്പോൾ ക്രിക്കറ്റ് കളിക്കാൻ ഏറെ സൗകര്യമായി. കോളജ് ടീമിലും സർവകലാശാല ടീമിലും ഇടംനേടി. കാർട്ടൂണിസ്റ്റായ അബു എബ്രഹാം ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു. മത്സരങ്ങളിലെല്ലാം തന്റെ സ്പിൻ ബൗളിങ് നിർണായകമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.




Tags:    
News Summary - P. Rama Varma Raja; Member of the Communist Royal Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.