ഇന്നും ഇരുട്ടിൽ... സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.20നും 11.00നും ഇടയിലാണ് നിയന്ത്രണം. 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകാൻ സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

മധ്യപ്രദേശില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എന്നാല്‍ ഇത് രാത്രി ഒമ്പതുമണിക്ക് ശേഷമാണ് കിട്ടുക. ഈ സാഹചര്യത്തിലാണ് ഇന്ന് വൈദ്യുതി നിയന്ത്രണം. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് പീക്ക് സമയത്ത് ലഭിക്കും. തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുകയുണ്ടായി.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, ബുധനാഴ്ച വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും. 

ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ ഒന്നിലധികം തവണ ഇന്നലെ രാത്രി വൈദ്യുതി മുടങ്ങിയിരുന്നു. ചൂട് വർധിക്കുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരാൻ കാരണമായി.

സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിലും ഗണ്യമായ കുറവുണ്ടായി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി ചർച്ചകൾ നടത്തിയിട്ടും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം ആഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിനായി 6.88 കോടി രൂപ അധികമായി ചെലവായെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചു. ഈ അധിക ചെലവിന്റെ ഭാഗമായാണ് യൂണിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നത്. ഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലിലാണ് പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടുത്തുക.

Tags:    
News Summary - Power Cuts Continue in Kerala Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.