'കേരളത്തിലേത്​ അഴിമതി രഹിത സർക്കാർ; അഴിമതിയിൽ നാറിയ യു.ഡി.എഫിനെ ജമാഅത്തെ ഇസ്ലാമി താങ്ങുന്നു'

കണ്ണൂർ: കേരളത്തിലുള്ളത്​ അഴിമതി രഹിത സർക്കാറാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജൻ. യു.ഡി.എഫ് ഭരണ കാലത്തെ ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കുന്നില്ലെന്ന്​ സി.ബി.ഐ പറയുന്നത്​ യു.ഡി.എഫ്-ബി.ജെ.പി അന്തര്‍ധാര കൊണ്ടാണ്​. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ അഴിമതി കൊണ്ട് നാറിയ യു.ഡി.എഫിനെ താങ്ങാന്‍ ജമാഅത്തെ ഇസ്​ലാമി മുന്നോട്ട് വന്നിരിക്കുകയാണെന്നും ജനങ്ങള്‍ യു.ഡി.എഫിനെ തൂത്തെറിയുമെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.

പി.ജയരാജൻ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

യു.ഡി.എഫ് ഭരണ കാലത്തെ പണം തട്ടിപ്പുകള്‍ പല വിധത്തില്‍ പുറത്തു വരികയാണ്. ഉമ്മന്‍ചാണ്ടി ഭരണ കാലത്തെ ബാര്‍കോഴ കേസ് വീണ്ടും ചര്‍ച്ചയായി. കോണ്‍ഗ്രസ്സ് നേതാവും എക്സൈസ് മന്ത്രിയുമായിരുന്ന കെ. ബാബുവിന്‍റെ നേതൃത്വത്തില്‍ നടന്ന കോഴ ഇടപാടാണ് ബാര്‍ ഉടമസ്ഥ സംഘടനയുടെ മുന്‍ നേതാവ് ബിജു രമേശ് വെളിപ്പെടുത്തിയത്.10 കോടിയാണ് ബാബു ആവശ്യപ്പെട്ടത്.രമേശ് ചെന്നിത്തലയിക്ക് 1 കോടി,ബാവുവിന് 50 ലക്ഷം, ശിവകുമാറിന് 25 ലക്ഷം...ഇങ്ങനെ കോഴപ്പണം കൊടുത്തെന്ന വെളിപ്പെടുത്തല്‍.

ആദ്യം ലൈസന്‍സ് ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിക്കുക. പിന്നീട് അതു കുറയ്ക്കാൻ പണപ്പിരിവ് തുടങ്ങുക. അതുപോലെ ബാറുകള്‍ പൂട്ടുമെന്ന് പറയുക, അതും പറഞ്ഞ് പണം പിടുങ്ങുക. ഇതാണ് എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ബിജു രമേശിന്‍റെ തുറന്ന് പറച്ചില്‍. ഇതേക്കുറിച്ച് നടന്ന അന്നത്തെ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കപ്പെട്ടു. അതിനാല്‍ സംസ്ഥാന വിജിലന്‍സ് വീണ്ടും കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരിക്കയാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഇപ്പോള്‍ ഉളളത്. അന്വേഷിച്ച് ആരോപണങ്ങളില്‍ വ്യക്തത വരുത്തട്ടെ.

ഇന്നിപ്പോൾ 28.5 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്‌ കേസിൽ മുതിർന്ന ബിജെപി നേതാവ്‌ കുമ്മനം രാജശേഖരൻ നാലാം പ്രതി ആയിരിക്കുകയാണ്‌. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പി എ ആണ്‌ ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.മൂന്നാം പ്രതി കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം പ്രതി ബിജെപി ഐടി സെൽ കൺവീനറാണ്‌.

അതേ സമയം യു.ഡി.എഫ് ഭരണ കാലത്തെ ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കില്ലെന്നാണ് സി.ബി.ഐ ഇപ്പോള്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവര്‍ 60 കോടി രൂപയുടെ ഈ കേസില്‍ കുറ്റാരോപിതരാണ്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണന്ന വാദം ബലപ്പെടുത്തുനതാണിത്.അതോടൊപ്പം യു.ഡി.എഫ്-ബി.ജെ.പി അന്തര്‍ധാരയും ഇതില്‍ വ്യക്തമാകുന്നുണ്ട്. ടൈറ്റാനിയം ഫാക്ടറി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് സ്ഥാപിച്ചതില്‍ യന്ത്ര ഇറക്കുമതി ഇടപാടിലാണ് അഴിമതി നടന്നത്.

പാലാരിവട്ടം പാലം അഴിമതി കേസും യു.ഡി.എഫ് കാലത്തേതുതന്നെ.ഏറ്റവും ഒടുവില്‍ ലീഗ് എം.എല്‍.എ ഷാജി പ്ലസ് 2 കോഴ്സ് അനുവദിക്കുന്നതില്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതായി ഒരു ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആ അഴിമതി കേസ് വിജിലന്‍സ് അന്വേഷിക്കുകയാണ്.മാത്രമല്ല ലീഗ് നേതാവ് കെ.പി.എ മജീദിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തതായാണ് വാര്‍ത്ത. കോഴയുടെ വിഹിതം ജില്ലാ സംസ്ഥാന നേതൃത്വത്തിന് കൂടി കിട്ടിയതിനാലാണ് ഒരു ജില്ലാ നേതാവിനെയും സംസ്ഥാന നേതാവിനെയും ചോദ്യം ചെയ്യുന്നത്. ചുരുക്കത്തില്‍ യു.ഡി.എഫ് അഴിമതി പണ്ടാരങ്ങളുടെ കൂടാരമെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. യു.ഡി.എഫ് ഭരണകാലം അഴിമതിക്കാലമായും വിശേഷിപ്പിക്കാം.

എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തെക്കുറിച്ച് ഗൗരവമായ ഒരു ആക്ഷേപം പോലും ഉയര്‍ത്താന്‍ ആര്‍ക്കും ആവില്ല. പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ അഴിമതി കൊണ്ട് നാറിയ യു.ഡി.എഫിനെ താങ്ങാന്‍ ജമാത്തെ ഇസ്ലാമിയും മുന്നോട്ട് വന്നിരിക്കയാണ്. പൊതു സമ്പത്ത് കൊളളയടിക്കുകയും ഭരണം കിട്ടിയാല്‍ നിയമ വിരുദ്ധമായ ധന സമ്പാദനം നടത്തുകയും ചെയ്യുന്ന ഈ കൂട്ടരെ ഏത് മത സിദ്ധാന്തത്തെ ഉദ്ധരിച്ചാണ് ജമാഅത്തെ ഇസ്ലാമി ന്യായീകരിക്കാന്‍ പോകുന്നത് എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം.മത രാഷ്ട്രീയ വാദികളെയടക്കം കൂട്ട് പിടിച്ചാലും ജനങ്ങള്‍ യു.ഡി.എഫിനെ തൂത്തെറിയുക തന്നെ ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.