കാസർകോട് ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു, ഇരുപതിലേറെ പേർ ആശുപത്രിയിൽ‌, പൊലീസ് ലാത്തി വീശി

കാസർകോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരിക്കിലും പെട്ട് നിരവധിപേർ കുഴഞ്ഞുവീണു. പരിക്കേറ്റ 20 ലേറെ പേരെ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പരിപാടി നടന്നത്.

പ്രദേശത്ത് ഉൾക്കൊള്ളാവുന്നതിലേറെ പേർ പരിപാടി കാണാനായി എത്തിയതോടെ കാര്യങ്ങൾ നിയന്ത്രാണാതീതമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും സംഗീത പരിപാടി നിർത്തിവെപ്പിക്കുകയുമായിരുന്നു. കാസർകോട്ടെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംഗീത നിശയുടെ സമാപന ദിവസമാണ് ഹനാൻ ഷായുടെ പരിപാടി നടന്നത്. പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോയിരുന്നു.

എന്നാൽ, അകത്തെ ആളുകളേക്കാൾ കൂടുതൽ പേർ പുറത്തും നിലയുറപ്പിച്ചിരുന്നു. ചെറിയ സ്ഥലത്ത് വലിയ ആൾക്കൂട്ടം തിക്കിത്തിരക്കിയതോടെ നിരവധി പേർ കുഴഞ്ഞുവീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച് പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ചിലർ കുറ്റിക്കാട്ടിലെ കുഴിയിൽ വീണു.

കുട്ടികളുൾപ്പെടെ നിരവധി പേർ ശാരീരികാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണെങ്കിലും തിരക്ക് മൂലം ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ല. അകത്ത് കുടുങ്ങിയ ആളുകൾക്ക് വലിയ ജനക്കൂട്ടമായതിനാൽ പുറത്തുകടക്കാനുമായില്ല. പൊലീസെത്തി നിരവധി പേരെ ഒഴിപ്പിച്ച ശേഷമാണ് കുഴഞ്ഞുവീണവരെ ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - Over 20 people hospitalized after stampede during music concert in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.