ജനിക്കേണ്ടത് ആണായാണോ പെണ്ണായാണോ എന്നത് ആർക്കും മുൻകൂട്ടി തീരുമാനിക്കാനാവില്ല. ഒരേപോലെ ജനിച്ചുവീണ് മാതാപിതാക്കളുടെ അരുമകളായി വളരുന്ന ആൺകുഞ്ഞും പെൺകുഞ്ഞും വേർതിരിവിെൻറ സുഖവും ദുഃഖവും ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വിവാഹശേഷമാണ്.
സ്ത്രീ എപ്പോഴും പുരുഷെൻറ വീട്ടിലേക്ക് എടുക്കപ്പെടുന്നവളാണ്. വളർന്നത് എങ്ങനെയായാലും ചെന്നുകയറുന്ന വീടിെൻറ ഇഷ്ടങ്ങൾക്കും ശരികൾക്കും രീതികൾക്കും അനുസരിച്ചുവേണം പിന്നീട് അവൾ ജീവിക്കാൻ. സ്വന്തം വീടായി കരുതി സ്വന്തം ഇഷ്ടങ്ങൾ ചെയ്യാൻ അവൾക്ക് പലപ്പോഴും കഴിയില്ല. വിവാഹശേഷം സ്വന്തം വീടും അവൾക്ക് അന്യമാവും. ഭർതൃവീട്ടിലെ പീഡനങ്ങൾക്കിടയിൽനിന്ന് ഓടിക്കയറിച്ചെല്ലാൻ അവൾക്കിടമില്ല.
ഗതികെട്ട് സ്വന്തം വീട്ടിലേക്ക് എത്തിയാലും നീ ജീവിക്കേണ്ടത് കെട്ടിച്ചയച്ചിടത്താണെന്ന് പറഞ്ഞ് അവളെ തിരിച്ചുവിടും. സഹനത്തിനും ദുരിതങ്ങൾക്കുമപ്പുറം ജീവനൊടുക്കുന്നിടത്ത് ആ കഥ അവസാനിക്കും. എല്ലാം സഹിച്ചുനിൽക്കണം എന്നുപറയുന്നതിനു പകരം 'നീ ഇങ്ങുപോരൂ മോളേ' എന്നുപറയാൻ മാതാപിതാക്കളും സഹോദരങ്ങളും തയാറാകുന്നിടത്തേ അവൾക്ക് നിലനിൽപുള്ളൂ. വിവാഹിതയായ മകൾ വീട്ടിൽ വന്നുനിൽക്കുേമ്പാൾ ചേർത്തുനിർത്താൻ ശ്രമിക്കണം. മറ്റ് വീടുകളിലാണ് ഇൗ അവസ്ഥ കാണുന്നതെങ്കിൽ കുത്തുവാക്കുകളുമായി ബുദ്ധിമുട്ടിക്കാതിരിക്കാനും ശ്രമിക്കണം. അവളെ സംരക്ഷിക്കാൻ കോടതിയും നിയമവുമുണ്ടെന്ന് ബോധ്യപ്പെടുത്തണം.
ആർഭാട വിവാഹക്കാർ കാണണം, ഇങ്ങനെയും അമ്മമാരുണ്ട്
എെൻറ മകള്‍ക്ക് വയസ്സ് 36 ആയി. സുരക്ഷിതമായ കൈയില്‍ അവളെ ഏൽപിക്കണമെന്നാണ് ആഗ്രഹം. സ്ത്രീധനം നല്കാന് ഇല്ലാത്തതിെൻറ പേരില്‍ മകളെ വിവാഹം കഴിച്ചയക്കാന്‍ കഴിയാത്ത വിധവയായ അമ്മയാണ് ഞാന്‍. ഞാനും ഭര്‍ത്താവും മകള്‍ക്കുവേണ്ടി ജോലി ചെയ്ത് സമ്പാദിച്ചിരുന്നു. അർബുദബാധിതനായ അദ്ദേഹത്തിെൻറ ചികിത്സക്കുവേണ്ടി അതെല്ലാം ചെലവഴിക്കേണ്ടിവന്നു. വലിയ കടബാധ്യതയും ഉണ്ടായി. മകളെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിച്ചു.
ചെറിയ വരുമാനമുള്ള ജോലിയും ഉണ്ട്. 10 ലക്ഷത്തിലേറെ കടബാധ്യത വന്നപ്പോള്‍ വീട്ടുജോലി ചെയ്ത് ഞാനും മക്കളും കടങ്ങള്‍ വീട്ടിവരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് എട്ടുവര്‍ഷമായി. മകള്‍ക്ക് വിവാഹാലോചനകള്‍ ഒരുപാട് വന്നു. എത്ര പവന് സ്വർണാഭരണവും തുകയും നല്‍കുമെന്നാണ് വിവാഹാലോചനയുമായി വരുന്നവര്‍ക്ക് ആദ്യം അറിയേണ്ടത്. ചിലര്‍ പറയും, സ്ത്രീധനമായിട്ട് ഒന്നും വേണ്ട, അറിഞ്ഞുകൊടുത്താൽ മതിയെന്ന്. ലക്ഷങ്ങളുടെ മുമ്പില്‍ ചേര്‍ക്കേണ്ട അക്കങ്ങള്‍ താഴേക്കല്ല മുകളിലേക്കുതന്നെ കൂട്ടിയാണ് ഓരോരുത്തരും പറയുന്നത്.
പക്ഷേ, സ്ത്രീധനം നല്‍കിയിട്ടും പെണ്‍കുട്ടികള്‍ ക്രൂരമായ മര്‍ദനത്തിനിരയാകുകയും കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പത്രങ്ങളില്‍ വായിക്കുന്നത്. ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അമ്മമാരുടെ മനസ്സ് വളരെ വേദനിക്കുകയാണ്. എന്നെപ്പോലെ വിധവകളായ ഒരുപാട് അമ്മമാര്‍ പെണ്മക്കളെ വിവാഹം ചെയ്തയക്കുന്നതിന് പണമില്ലാതെ വിഷമിക്കുന്നുണ്ട്. സ്ത്രീധനം കുറഞ്ഞുപോയതിെൻറ പേരില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായാലും അവരെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകപരമായി ശിക്ഷിക്കണം.
പലരും ആണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിട്ടാണ് വിവാഹത്തെ കാണുന്നത്. സ്ത്രീധനം ലഭിക്കുന്ന തുകകൊണ്ട് ആര്‍ഭാടവിവാഹം, ബിസിനസ്, വീട് മോടിപിടിപ്പിക്കൽ, വാഹനം വാങ്ങൽ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് നാട്ടിലാകെ പതിവുകാഴ്ചയായി മാറിത്തുടങ്ങി.
പെണ്മക്കളുടെ വിവാഹത്തിനുവേണ്ടി വീടിെൻറ ആധാരം പണയപ്പെടുത്തിയും വീട് വിറ്റും പണം കണ്ടെത്തുന്ന നിരവധിയാളുകളാണ് നമുക്കു ചുറ്റുമുള്ളത്. പ്രായമായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ സാമ്പത്തികസ്ഥിതിയില്ലാത്ത എന്നെപ്പോലെ ഒരുപാട് അമ്മമാരുടെ കണ്ണുനീര് ഈ സമൂഹത്തിലുണ്ട്. അതുകൊണ്ട് സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തണം.
-(യഥാർഥ പേര് വെളിപ്പെടുത്താൻ ആ അമ്മ തയാറായില്ല).
തുല്യത വീട്ടിൽനിന്ന് തുടങ്ങണം
പാരൻറിങ് രീതിയിൽ മാറ്റംവരണം. കേവലം സ്ത്രീധനം അല്ല വിഷയം. അവളെ കേൾക്കാനാരുമില്ല. അച്ഛൻ പത്രം വായിക്കുന്നതും അമ്മ മുറ്റമടിക്കുന്നതും പാത്രം കഴുകുന്നതും കണ്ടാണ് അവൾ വളരുന്നത്. അസമത്വത്തിെൻറ തുടക്കം അവിടെനിന്നാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഭക്ഷണം നൽകിയാലും പാത്രം കഴുകേണ്ടത് അവളുടെ മാത്രം ജോലിയാണ്. മനഃസ്ഥിതിയുടെ പ്രശ്നമാണ്. നിശ്ശബ്ദമായി ഇരിക്കാനാണ് അവളെ പഠിപ്പിക്കുന്നത്. സംസാരിക്കേണ്ടത് പുരുഷനാണെന്ന ധാരണ അവളിലുണ്ടാക്കിയെടുത്തു. തുല്യത വീട്ടിൽനിന്നുതന്നെ തുടങ്ങണം. നിശ്ശബ്ദയാകേണ്ടവളല്ല താനെന്ന കാഴ്ചപ്പാട് വരണം. പ്രതികരണശേഷി ഉണ്ടാവണം. അത് ഗൃഹാന്തരീക്ഷത്തിൽനിന്ന് പഠിക്കേണ്ടതാണ്. ഒറ്റപ്പെടുന്ന സ്ത്രീക്ക് 24 മണിക്കൂറും സഹായവുമായി കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ഉണ്ട്. താമസവും നിയമസഹായവുമടക്കം സൗകര്യങ്ങൾ സ്നേഹിത ലഭ്യമാക്കും.
-അഡ്വ. രാജി പി. ജോയ്, ലീഗൽ അഡ്വൈസർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്
മടിക്കേണ്ട, നിയമം കൂടെയുണ്ട്
സ്ത്രീധനം െകാടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ച നാടാണ് നമ്മുടേത്. ഇതിനെതിരെ നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ട്.
സ്ത്രീധനത്തിെൻറ പേരിൽ പീഡനം നേരിടുന്നുവെങ്കിൽ നിയമസഹായം തേടാൻ മടിക്കരുത്.
സ്ത്രീധന-ഗാർഹിക പീഡന പരാതികൾ പരിഹരിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന 'അപരാജിത' ഉണ്ട്. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാലുമുതൽ അഞ്ചുവരെ എസ്.പിയുമായി നേരിട്ട് വിഡിയോ കാൾ വഴി പരാതി പറയാം.
ഗാർഹിക പീഡനവുമായ ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 'ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെൻററു'കളും തുറന്നിട്ടുണ്ട്. കൂടാതെ പൊലീസ് കൺട്രോൾ റൂമിലെ എമർജൻസി ഹെൽപ്ലൈൻ നമ്പറിലും വിളിക്കാം.
-ഡി. ശിൽപ, ജില്ല പൊലീസ് മേധാവി
കൂടുതൽപേർ പരാതിയുമായി വരുന്നു
'അപരാജിത' വന്നശേഷം നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തുവരാൻ തയാറായി. പരാതികളും പ്രശ്നങ്ങളും ഉണ്ടെങ്കിലും എവിടെച്ചെല്ലണം എന്ന് കുട്ടികൾക്ക് അറിയുമായിരുന്നില്ല.
'അപരാജിത' വന്നതോടെ അവർക്ക് മുന്നിലൊരു വഴിതെളിഞ്ഞു. അവർക്ക് പരാതി പറയാനും പൊലീസിന് ഉടൻ നടപടിയെടുക്കാനും കഴിയുന്നുണ്ട്. ദിനംപ്രതി എട്ട് കാളുകൾ വീതം അപരാജിതയിൽ എത്തുന്നുണ്ട്. എന്തൊരു പ്രശ്നം ഉണ്ടായാലും അവർക്കാവശ്യമായ സഹായം നൽകാൻ തയാറാണ്.
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ അമ്മ വിളിച്ചു. ഭർത്താവിെൻറ പീഡനത്തിൽനിന്ന് രക്ഷപ്പെട്ട് ഡൽഹിയിൽനിന്ന് വരുകയായിരുന്നു അവരുടെ മകൾ. പൊലീസ് ഉടൻ അവരെ കണ്ടെത്തി സഹായം നൽകി. ഭർത്താവിനെതിരെ കേസെടുത്തു.
എന്തൊരു പ്രശ്നം ഉണ്ടായാലും അവർക്കാവശ്യമായ സഹായം നൽകാൻ പൊലീസ് സുസജ്ജമാണ്.
-ബെറ്റിമോൾ എസ്.ഐ കോട്ടയം വനിത സ്റ്റേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.