ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: ഒതായി മനാഫ് വധക്കേസിൽ ഒന്നാംപ്രതി ഷഫീഖി​ന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഈ തുക മനാഫിന്റെ സഹോദരിക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.

മഞ്ചേരി അഡീ.ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്. താൻ രോഗബാധിതനായതിനാൽ ശിക്ഷയിൽ പരാമവധി ഇളവ് വേണമെന്ന് ഷഫീഖ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, കോടതി ഇത് മുഖവിലക്കെടുത്തില്ല. കഴിഞ്ഞ ദിവസമാണ് ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ പ്രതികളായ മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയും ചെയ്തിരുന്നു.

കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് ഇപ്പോൾ വിചാരണ നേരിട്ടത്. പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് എന്നിവരും 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുമാണ് വിചാരണ നേരിട്ടത്. ഇവരിൽ ഷെരീഫ്, മുനീബ്, കബീർ എന്നിവരെ കോടതി​ വെറുതെ വിട്ടു.

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11.30ഓടെ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫിനെ (29) അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മനാഫിനെ പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് കൊന്നത്. സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.

Tags:    
News Summary - Othai Manaf murder case: First accused gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.