കോഴിക്കോട്: അനാഥരും അഗതികളുമായ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് വിവാദത്തിൽ. ലോക്ഡൗണിൽ മുഴുവൻ െറസിഡൻഷ്യൽ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന സർക്കാർ നിർദേശം പാലിച്ച് അനാഥ-അഗതി മന്ദിരങ്ങളിലെ കുട്ടികളെ ബന്ധപ്പെട്ട മാനേജ്മെൻറ് വീടുകളിലേക്ക് അയച്ചിരുന്നു. രണ്ടര മാസമായി ജീവിതച്ചെലവുകൾ ഭക്ഷണവും പണവുമായി ബന്ധപ്പെട്ട മാനേജ്മെൻറുകൾ വീടുകളിലെത്തിച്ചുവരുകയായിരുന്നു. 17,000ത്തിലേറെ കുട്ടികൾ ഇപ്രകാരം ഇപ്പോൾ വീടുകളിലാണ്.
സംസ്ഥാന സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ ഈ വിദ്യാർഥികളെ അനാഥശാലകളിൽ തിരിച്ചുകൊണ്ടുവരണമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) അനുമതി നിർബന്ധമാണ്. സി.ഡബ്ല്യു.സി അംഗങ്ങൾ ഓരോ കുട്ടിയുടെയും വീട്ടിൽപോയി കുടുംബ പശ്ചാത്തലം പഠിച്ച് അനുകൂല റിപ്പോർട്ട് നൽകിയാൽ മാത്രമേ സ്ഥാപനങ്ങളിൽ തിരിച്ചെടുക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു. അല്ലാത്തപക്ഷം സ്ഥാപന ഭാരവാഹികൾ ബാലനീതി നിയമം അനുസരിച്ച് ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും.
അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഈ ഉത്തരവ് പാവപ്പെട്ടവരും അനാഥരുമായ നിരവധി കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും അവതാളത്തിലാക്കുമെന്നാണ് ആക്ഷേപം. ഓരോ ജില്ലകളിലുമുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ നാമമാത്ര അംഗങ്ങളാണുള്ളത്. ഓരോ കുട്ടിയുടെയും വീട്ടിൽ പോയി പഠിച്ച് റിപ്പോർട്ട് പ്രായോഗികമല്ല. വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലാണ് ഈ കുട്ടികൾക്ക് പ്രവേശനം നൽകിയത്. ഇത് റദ്ദ് ചെയ്യുന്നതാണ് പുതിയ ഉത്തരവ്. ഓർഫനേജ് കൺട്രോൾ ബോർഡ് നിലവിൽ ഇല്ല എന്നതും സ്ഥാപനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്.
ഉത്തരവ് പിൻവലിക്കണം –കെ.എസ്.എം.ഒ.സി.സി
കോഴിക്കോട്: ലോക്ഡൗണിൽ വീടുകളിലേക്ക് അയച്ച അനാഥ കുട്ടികളെ സ്ഥാപനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി വേണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത മൂലമാണ് ഭൂരിഭാഗം കുട്ടികളും അനാഥാലയങ്ങളിലെത്തുന്നത്.
പുതിയ ഉത്തരവ് കുട്ടികളുടെ പഠനം മുടങ്ങുന്നതിന് ഇടയാക്കും. ഈ കുടുംബങ്ങളിലെ രക്ഷിതാക്കൾ സി.ഡബ്ല്യു.സി ഓഫിസുകളിൽ പോയി പുനഃപ്രവേശത്തിന് അപേക്ഷിക്കണമെന്നതും ഗൃഹസന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കണമെന്നതും അപ്രായോഗികവും കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്നും കോഓഡിനേഷൻ കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. എം. മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.