കക്കാടം പൊയിലിലെ പി.വി. അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി

കോഴിക്കോട്: കക്കാടം പൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. കുട്ടികളുടെ പാർക്ക് മാത്രം തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഉരുൾ പൊട്ടലിനെ തുടർന്ന് 2018ലാണ് പാർക്ക് അടച്ചത്. പാർക്ക് നിർമാണത്തിൽ പിഴവുണ്ടെന്ന് സർക്കാർ സമിതി കണ്ടെത്തിയിരുന്നു. പാർക്ക് സ്ഥിതി ചെയ്യുന്നത് ഉരുൾപൊട്ടൽ മേഖലയിലാണെന്നും ആരോപണമുയർന്നിരുന്നു.

പാർക്ക് തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അൻവർ എം.എൽ.എ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കാൻ സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാർക്ക് തുറന്നുകൊടുക്കാൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം സ്റ്റീൽ ഫെൻസിങ്ങിന് ഉള്ളിലായിരിക്കണമെന്നും വാട്ടർ റൈഡുകൾ നിർമിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാർക്ക് ഉടമ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. അതോടൊപ്പം ബാക്കി നിർമാണങ്ങളിൽ അപകട സാധ്യത പരിശോധന നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ഏജൻസിക്കാണ് ഇതിന്റെ ചുമതല. ഏജൻസി സമർപ്പിക്കുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും പാർക്കിന് പൂർണ പ്രവർത്തനാനുമതി നൽകുന്നതിനെ കുറിച്ച് തീരുമാനിക്കുക. 

Tags:    
News Summary - Order to partially open P.V. Anwar's Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.