കേരള ഹൈകോടതി
കൊച്ചി: ശബരിമല സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഉത്തരവ്. ദേവസ്വം വിജിലൻസിനോടാണ് കേസ് സംബന്ധിച്ച് അന്വേഷണം നടത്താൻ ഹൈകോടതി നിർദേശിച്ചത്. മൂന്നാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈകോടതി നിർദേശം. ശബരിമലയിലെ ദ്വാരകപാലക ശിൽപങ്ങളുടെ ഭാരം കുറഞ്ഞതെങ്ങനെയെന്നും ഹൈകോടതി ചോദിച്ചു.42 കിലോഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞു. നാല് കിലോഗ്രാം ഭാരം എങ്ങനെ കുറഞ്ഞുവെന്ന് പരിശോധിക്കണം. അന്വേഷണവുമായി ദേവസ്വം ബോർഡ് സഹകരിക്കണം. താങ്ങ് പീഠങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നതും പരിശോധിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ശബരിമല ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശിൽപങ്ങൾക്ക് 1999ൽ സ്ഥാപിച്ച സ്വർണാവരണത്തിന്റെ വിവരങ്ങളടങ്ങിയ രേഖകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ദേവസ്വം വിജിലൻസ് ഓഫിസർക്ക് ഹൈകോടതി നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സൂപ്രണ്ട് ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ 1999 മുതൽ ശിൽപങ്ങൾക്ക് സ്വർണാവരണം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും 2019ൽ സ്വർണം പൂശാൻ ചെമ്പുപാളികൾ കൈമാറിയപ്പോൾ നിലവിലുണ്ടായിരുന്ന സ്വർണം എന്തുചെയ്തുവെന്ന് പറയുന്നില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.
അന്ന് ഉപയോഗിച്ച സ്വർണം എത്ര അളവിലുണ്ടായിരുന്നു, സ്പോൺസർ ഉണ്ടായിരുന്നോ, ജോലികൾ ചെയ്തത് ആര് എന്നീ വിവരങ്ങൾ അറിയിക്കണം. ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിനൽകുന്ന കാര്യത്തിൽ സ്പോൺസറുടെ താൽപര്യമെന്ത്, 2019ലും 2025ലും ഇതിനായി എത്ര സ്വർണം ഉപയോഗിച്ചു എന്നീ വിവരങ്ങളും അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
അതേസമയം ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ തിരികെ കൊണ്ടുവരാൻ അനുമതി നൽകുകയും ചെയ്തു. ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിലെ സ്വർണം ഉരുക്കിയെന്നും ഇതിന്റെ ജോലികൾ തുടരാൻ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.