തീരദേശ പ്ലാൻ തയാറാക്കുന്നതിൽ കാലതാമസമെന്ന് നിയമസഭയിൽ പ്രതിപക്ഷം; കരടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തീരദേശ പരിപാലന പ്ലാൻ തയാറാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പ്ലാൻ എപ്പോൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമായി പറയണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ. ബാബു ആവശ്യപ്പെട്ടു.

2011ലെ കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാനാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഈ പ്ലാനിൽ 2019ൽ കേന്ദ്രം മാറ്റം വരുത്തി. കേന്ദ്രം മാറ്റം വരുത്തിയത് അനുസരിച്ച് സംസ്ഥാനവും പ്ലാനിൽ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാൽ, 2021 ആയിട്ടും പ്ലാൻ തയാറാക്കുന്നതിൽ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ല. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ തീരദേശ ജനത വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.

തീരദേശ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. നീണ്ട കാലയളവ് ഇതിന് വേണ്ടി വരും. നേരത്തെ, തീരദേശ പദ്ധതി കേന്ദ്രം കൊണ്ടുവന്നപ്പോൾ അതിന്‍റെ പ്ലാൻ തയാറാക്കാൻ എട്ടു വർഷം വേണ്ടിവന്നു. 2019ലാണ് പുതിയ തീരദേശ നിയമം വന്നത്. അത് പ്രകാരം വലിയ കാലതാമസം ഇപ്പോൾ വന്നിട്ടില്ല.

പുതിയ നിയമപ്രകാരമുള്ളതും പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുമുള്ള പദ്ധതികൾ സർക്കാർ തയാറാക്കിയ വരികയാണ്. ആദ്യ കരടുപ്ലാൻ തയാറാക്കുകയും അത് വിദഗ്ധ സമിതി പരിശോധിക്കുകയും ചെയ്തു. പ്ലാൻ തയാറാകുന്നതിന് പിന്നാലെ 10 ജില്ലകളിൽ നിന്ന് പൊതുജനാഭിപ്രായം തേടും. അതിന് ശേഷം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. സർക്കാൻ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - Opposition's Adjournment motion in Coastal Management Plan in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.