തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് നിയമസഭയിൽ പ്രതിപക്ഷം. സേഫ് ലാൻഡിങ്ങിന്റെ സമയത്താണ് മന്ത്രി ടേക്ക് ഓഫിന്റെ കാര്യം പറയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ പാസാക്കിയ എസ്റ്റിമേറ്റുകളിൽ 50 ശതമാനം നിയന്ത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. അതിനിടെയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മുപ്പതിനായിരം കോടിയിലെത്തുമെന്ന് മന്ത്രി പറയുന്നത്. എവിടുന്നെങ്കിലും എന്തെങ്കിലും വരാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, ധനസ്ഥിതി സംബന്ധിച്ച് രാഷ്ട്രീയത്തിനതീതമായി കണക്കുകൾ വിശ്വസിക്കണമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. കണക്കുകൾ ഓഡിറ്റബിളാണ്. നല്ല രീതിയിലുള്ള സാമ്പത്തിക ലാൻഡിങ് വന്നാലേ അടുത്തവർഷം മെച്ചപ്പെട്ട ടേക്ക് ഓഫ് ഉണ്ടാവൂ. പ്രതിസന്ധികൾ തരണംചെയ്ത് ബഹിരാകാശത്തുനിന്ന് ഇന്ന് ഭൂമിയിലെത്തുന്ന സുനിത വില്യംസിനെ പോലെ കേരളം വീണ്ടും ശക്തമായി മുന്നോട്ടുപോകുമെന്നും ബാലഗോപാൽ വ്യക്തമാക്കി.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്രനികുതി വിഹിതത്തിൽ വന്ന കുറവ് അടക്കമുള്ള നടപടികളിലൂടെയും കേന്ദ്രം കേരളത്തിന്റെ കഴുത്തിനു പിടിച്ചിട്ടും സംസ്ഥാനം നിവർന്നുനിൽക്കുകയാണ്. കിഫ്ബി വഴി ചെലവിടുന്ന പണം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ നൽകിയ ഹരജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. കേരളത്തെക്കാളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ഇതിന് തെളിവാണ്. ഇനി മുതൽ ഒന്നാംതീയതി ശമ്പളം പ്രതീക്ഷിക്കരുതെന്നും ഡി.എ ആവശ്യപ്പെടരുതെന്നുമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2023-24ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയാണ്. 2024-25ലെ കുടിശ്ശിക 513.54 കോടി. 2025-26ലേക്ക് അംഗീകരിച്ച തുക 654.54 കോടിയുമാണ്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചില്ലെന്ന് പറഞ്ഞ് കേരളത്തിന്റെ വിഹിതം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.
പി.എം ശ്രീ പദ്ധതി സമഗ്രശിക്ഷാ അഭിയാന്റെ ഭാഗമല്ലാതിരുന്നിട്ടും ഇത് നടപ്പാക്കത്തിതിന്റെ പേരിലാണ് 513.54 കോടി രൂപ തടഞ്ഞുവെച്ചത്. 40 ശതമാനം സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകൾ ഉണ്ടായിരുന്നിട്ടും, കേന്ദ്രം അവ പരിഹരിക്കാൻ തയാറായിട്ടില്ല. കുടിശ്ശിക ലഭിക്കാത്തത് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചു.
ഒളിമ്പിക്സിന്റെ മാതൃകയിൽ കേരള സ്കൂൾ കായികമേള സംഘടിപ്പിച്ചതിന് പ്രശംസിക്കുമ്പോൾതന്നെ സമഗ്രശിക്ഷ കേരളക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം നൽകാനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സർക്കാർ, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണക്കുമുള്ള ഫണ്ട് തടയുകയാണ് ചെയ്തത്- മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.