പിണറായി വിജയൻ, റോജി എം. ജോൺ

‘പല രീതിയിൽ പല പ്രാവശ്യം തല്ലി, നിലത്ത് വീണു, ദേഹത്ത് ചവിട്ടി’; പൊലീസ് മർദനത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഓർമിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന പൊലീസ് മർദനത്തിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ചർച്ചക്ക് തുടക്കംകുറിച്ച പ്രതിപക്ഷാംഗം റോജി എം. ജോൺ, പൊലീസിനെ നിയന്ത്രിക്കാത്ത പിണറായി സർക്കാറിനെയും ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കുറ്റപ്പെടുത്തി. പൊലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രിക്ക് സാധിക്കുന്നില്ലെന്ന് റോജി എം. ജോൺ ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്ത് നേരിട്ടത് അതിക്രൂര പീഡനമാണെന്ന് റോജി പറഞ്ഞു. പൊലീസ് മർദനത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ശ്രമം നടന്നു. കേസ് ഒതുക്കാനായി സി.സി.ടിവിക്ക് മുമ്പിൽ നിന്ന് പൊലീസ് കാശ് എണ്ണി വാങ്ങി. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചീച്ചി, കുണ്ടറ പൊലീസ് മർദനങ്ങളും റോജി സഭയിൽ ചൂണ്ടിക്കാട്ടി.

1977 മാർച്ച് 30ന് അന്നത്തെ എം.എൽ.എയായിരുന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പഴയ പ്രസംഗവും റോജി എം. ജോൺ ഓർമിപ്പിച്ചു. 'അവർ രണ്ട് പേർ ആദ്യ റൗണ്ട് അടിച്ചു. സി.ഐ അടക്കം മൂന്നു പൊലീസുകാർ പിന്നീട് കടന്നു വന്നു. അങ്ങനെ അഞ്ചായി. അഞ്ച് ആളുകളിട്ട് തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പലപ്രാവശ്യം വീണു. പലപ്രാവശ്യം എണീറ്റു. അവസാനം എണീക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായും വീണു. എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ അവരെല്ലാം കൂടി മാറി മാറി ദേഹത്ത് ചവിട്ടി. അവർ ക്ഷീണിക്കുന്നത് വരെ തല്ലി. പത്ത്, പതിനഞ്ച്, ഇരുപത് മിനിറ്റ്, എന്നിട്ട് അവർ പോയി' - ഇതായിരുന്നു പിണറായിയുടെ പ്രസംഗം.

പൊലീസിനെതിരായ സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയുടെ കുറിപ്പ് റോജി സഭയിൽ വായിച്ചു. 'കുറ്റം ചെയ്തവനെ കുറ്റക്കാരനാക്കുകയാണ് പൊലീസ്. പൊലീസ് പാവപ്പെട്ടവന്‍റെ മേൽ കയറുകയാണ്. യൂനിഫോം ദേഹത്ത് കയറിയാൽ കറന്‍റടിച്ച പോലെയാണ്. ജനം നിയമം കൈയ്യിലെടുത്താൽ സ്ഥിതി മാറും'. ആഭ്യന്തര വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി നൽകിയ അംഗീകാരം വേറെ എവിടെ നിന്ന് കിട്ടാനാണെന്നും റോജി ചോദിച്ചു.

പൊലീസ് മർദനത്തെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചക്ക് സംസ്ഥാന സർക്കാർ സമ്മതിച്ചത്. പ്രതിപക്ഷത്ത് നിന്ന് എം.എൽ.എയായ റോജി എം. ജോൺ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

സമൂഹം വലിയ തോതിൽ ചർച്ച ചെയ്ത വിഷയമായതിനാൽ നിയമസഭയും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. പൊലീസ്​ അതിക്രമങ്ങൾ ആഭ്യന്തര വകുപ്പിനെയും ഇടത് സർക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സർക്കാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സമ്മതിച്ചത്.

അതേസമയം, പൊലീസ്​ അതിക്രമങ്ങളെ ഇന്നലെ നടന്ന എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി ന്യായീകരിച്ചെന്നാണ് വിവരം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികളും വിവാദങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതികളിലൊക്കെ സ്ഥലംമാറ്റം ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്​ വ്യക്തമാക്കിയ മുഖ്യമന്ത്രി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസുകാരെ പിരിച്ചുവിട്ടതടക്കം സര്‍ക്കാറിന്റെ കര്‍ക്കശ നടപടികളും എൽ.ഡി.എഫ് യോഗത്തിൽ വിശദീകരിച്ചു.

Tags:    
News Summary - Opposition recalls Chief Minister's old speech on police brutality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.