പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

'സിറ്റിസൺ ഹെൽപ്പ് ഡെസ്ക്' മെക്കാനിക്കൽ കൗണ്ടറാകും; പി.ആർ.ഒ സംവിധാനം ഒഴിവാക്കുന്നത് തിരിച്ചടിയാകും, പൊലീസിന്റെ മാനുഷിക മുഖം നഷ്ടപ്പെടും; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫിസർ (പി.ആർ.ഒ) സംവിധാനം ഒഴിവാക്കി 'സിറ്റിസൺ ഹെൽപ്പ് ഡെസ്ക്' ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തന്നെ ഈ മാറ്റത്തിന് വിഘാതമാകും. പരാതിയും വിഷമവുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കേണ്ടത് അനുഭാവപൂർവ്വമായി ഇടപെടുന്ന മാനുഷികതയുള്ള കേൾവിക്കാരനെയാണ്.

എന്നാൽ, പി.ആർ.ഒയെ മാറ്റി പകരം കൊണ്ടുവരുന്ന ഹെൽപ്പ് ഡെസ്ക് ഒരു മെക്കാനിക്കൽ കൗണ്ടർ സിസ്റ്റമായി മാറാനാണ് സാധ്യത. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനും ആശ്വാസം നൽകാനും പ്രത്യേകമായി ഒരു ഉദ്യോഗസ്ഥൻ ഇല്ലാതാകുന്നത് ആളുകൾക്ക് പൊലീസിനോടുള്ള മാനസികമായ അകൽച്ച വർധിപ്പിക്കും. സൈബർ പരാതികൾ, വിവരാവകാശം, എഫ്.ഐ.ആർ പകർപ്പ്, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം വ്യത്യസ്ത കാര്യങ്ങളാണ് ഒരൊറ്റ ഹെൽപ്പ് ഡെസ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടർ എൻട്രികളും ക്ലറിക്കൽ ജോലികളും ചെയ്യുന്ന തിരക്കിനിടയിൽ, സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാനോ അവരെ സഹായിക്കാനോ അവിടുത്തെ ജീവനക്കാർക്ക് സാധിക്കാതെ വരും. ഇത് സാധാരണക്കാരെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും. പൊലീസിനെ ഭയമില്ലാതെ സമീപിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്ന ഇടമാണ് നഷ്ടമാകുന്നത്. അതിനാൽ, സാധാരണക്കാരെ സ്വാഗതം ചെയ്യാനും കേൾക്കാനും മാത്രമായി നിലനിന്നിരുന്ന സംവിധാനം ഇല്ലാതാക്കി അതിനെ വെറുമൊരു ഔദ്യോഗിക കൗണ്ടറാക്കി മാറ്റുന്ന നീക്കത്തിലെ പ്രായോഗിക പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടാതെ നോക്കുകയാണ് പൊലീസ് സംവിധാനത്തിൽ ഏറ്റവും പ്രധാനം. ഈ വിഷയം ഗൗരവമായി കണ്ട് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Opposition Leader Slams Move to Scrap Police PRO System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.