പൊതുജനങ്ങളിൽ നിന്ന് വ്യാപക കൈക്കൂലി ; ‘ഓപ്പറേഷൻ ക്ലീൻ വീൽസുമായി’ മോട്ടോർ വാഹന വകുപ്പിലും ആർ.ടി ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി./എസ്.ആർ.ടി ഓഫിസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധന. മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ഉൾപ്പെടെ 81 ഇടങ്ങളിൽ വിജിലൻസ് ശനിയാഴ്ച വൈകീട്ട് 4.30 മുതൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി.

മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി/എസ്.ആർ.ടി ഓഫിസുകളിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും പൊതുജനങ്ങൾ ഓൺലൈൻ മുഖേന നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടി ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും, കൈക്കൂലി വാങ്ങിയെടുക്കുന്നതിനായി അപേക്ഷകളിൽ തീരുമാനം എടുക്കാതെ മനഃപ്പൂർവ്വം കാലതാമസം വരുത്തുന്നതായും, ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഡ്രൈവിങ് ടെസ്റ്റ് പാസ്സാക്കുന്നതിന് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ആർ.ടി/എസ്.ആർ.ടി ഓഫിസുകളിലെ ക്ലറിക്കൽ ഉദ്യോഗസ്ഥരും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിവരം ലഭിച്ചിരുന്നു.

ഇത് കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ വേണ്ട വിധത്തിലുള്ള പരിശോധനകൾ നടത്താതെയും, ചട്ടപ്രകാരം വാഹനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താതെയും ഏജന്റുമാർ മുഖേനെ കൈക്കൂലി വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതായും വിജിലൻസ് അറിഞ്ഞിരുന്നു. 

Tags:    
News Summary - ‘Operation Clean Wheels’: Bribes are being taken from the public on a large scale; Vigilance conducts lightning checks at the Motor Vehicles Department and RT offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.