മന്ത്രി ഷിബു ബേബി ജോൺ


‘മുട്ടിൽ മരംമുറിയിൽ ഗൂഢാലോചന നടന്നു, ജയതിലക് ഇറക്കിയ ഉത്തരവ് വിചിത്രം’; ആഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്നും മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഗൂഢാലോചന നടന്നതായി വനംമന്ത്രി ഷിബു ബേബി ജോൺ. മരംമുറിക്ക് അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ജയതിലക് ഇറക്കിയ ഉത്തരവ് വിചിത്രമാണ്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നികേഷ് കുമാറിന്റെ ഓഫിസിൽ ഗൂഢാലോചന നടത്തിയെന്ന മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേസിൽ അടിമുടി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെയും വെളിപ്പെടുത്തലിന്‍റെയും അടിസ്ഥാനത്തിൽ കേസിലെ ദൂരൂഹമായ സാഹചര്യങ്ങൾ മുഴുവൻ പരിശോധിക്കേണ്ടതുണ്ട്. എം. ജയതിലക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലയളവിലാണ് വിചിത്രമായ ഉത്തരവ് പുറത്തിറങ്ങുന്നത്. ഈ ഉത്തരവിന്റെ ബലത്തിലാണ് മുട്ടിൽ മരംമുറി നടക്കുന്നത്. ഉത്തരവ് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് അന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും അത് ഗൗനിക്കാതെ മൂന്ന് മാസത്തേക്ക് മാത്രമായി ഉത്തരവിറക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ ഉത്ഭവം 2020ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എ. ജയകുമാർ ഇറക്കിയ ഉത്തരവിൽ നിന്നാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ തള്ളിയാണ് ഉത്തരവിറക്കിയതെന്നും മരംമുറിയുടെ ഗൂഢാലോചന മുതൽ അന്വേഷിച്ചില്ലെങ്കിൽ നിസ്സാര മോഷണ കേസായി പരിമിതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ അഡീഷണൽ എഫ്.ഐ.ആർ നൽകണമെങ്കിൽ കൊടുക്കുമെന്നും കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ക്ലറിക്കൽ മിസ്റ്റേക്ക് വന്നത് ബോധപൂർവം ആണോ എന്ന് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മരംമുറിക്ക് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തര വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചാനൽ മേധാവിയുടെ ഓഫിസിൽ വെച്ച് നടന്ന ഗൂഢാലോചനക്ക് അന്നത്തെ ഒരു മാധ്യമപ്രവർത്തകൻ നേരിട്ട് ദൃക്‌സാക്ഷിയായിരുന്നുവെന്നാണ് വെളിപ്പെടുത്തലിൽ പറയുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് താൻ നിർദേശം നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.

Tags:    
News Summary - "There was a conspiracy in the Muttil tree felling; Minister Shibu Baby John said that the Home Department should investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.