പോരായ്മ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും –ഉമ്മന്‍ ചാണ്ടി

കോട്ടയം: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷം എത്ര പ്രവര്‍ത്തിച്ചാലും പോരാ എന്ന അഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണെന്നും അത് കണക്കിലെടുത്താവും ഇനിയുള്ള പ്രവര്‍ത്തനമെന്നും ഉമ്മന്‍ ചാണ്ടി. സമരംചെയ്യുന്നതിന് പ്രതിപക്ഷത്ത് ഒരുതടസ്സവുമില്ല. ആരും ആരെയും കുറ്റപ്പെടുത്തുകയല്ളെന്നും പോരായ്മ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വേദികളില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. എ.ഐ.സി.സി നിരീക്ഷകരുടെ നിര്‍ദേശങ്ങളും ഉണ്ടാവും.

നോട്ട് വിഷയത്തില്‍ എല്‍.ഡി.എഫുമായി യോജിച്ച സമരത്തിന് കെ.പി.സി.സി പ്രസിഡന്‍റ് എതിരാണ് എന്നത് പത്രവാര്‍ത്ത മാത്രമാണ്. പ്രതിപക്ഷത്തിന്‍െറ പ്രവര്‍ത്തനത്തില്‍ തൃപ്തനാണോ എന്നു ചോദ്യത്തിന് താനും പ്രതിപക്ഷത്തിന്‍െറ ഭാഗമാണ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. താന്‍ മാറിനില്‍ക്കുകയാണ് എന്നു പറയുന്നതില്‍ കാര്യമില്ല. തനിക്ക് ഒൗദ്യോഗികപദവി ഇല്ലന്നേയുള്ളൂ. അത് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം താനെടുത്ത തീരുമാനമാണ്. എല്ലാ കാര്യത്തിലും ശക്തമായ ഇടപെടലാണ് പ്രതിപക്ഷത്തിനുവേണ്ടി താന്‍ നടത്തുന്നത്.

ഇക്കാര്യങ്ങള്‍ കേന്ദ്രനേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ആദ്യത്തെ ആറുമാസം മിതത്വം പാലിക്കണമെന്നായിരുന്നു യു.ഡി.എഫ് തീരുമാനം.  കറന്‍സിയില്ലാതെ കിട്ടുന്ന ഏകസാധനം റേഷനരിയാണ്. അത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കുന്നില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  എല്ലാത്തിനും ജനാധിപത്യശൈലിയിലേ പ്രതികരിക്കാനാവൂ. കറന്‍സി നിരോധനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഗുരുതരമായ പ്രശ്നമാണെങ്കിലും പ്രതികരിക്കുന്നതിനു പരിമിതിയുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രധാനമന്ത്രി ജനങ്ങളെ നിരാശരാക്കി’

നോട്ട് പ്രതിസന്ധിക്ക് പരിഹാരം പ്രതീക്ഷിച്ചിരുന്ന ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരാശരാക്കിയെന്ന് ഉമ്മന്‍ ചാണ്ടി. നോട്ട് നിരോധിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞത് കള്ളപ്പണക്കാരെ പിടിക്കാനും ഭീകരര്‍ക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കാനുമുള്ള ലക്ഷ്യം നേടാന്‍ ജനങ്ങള്‍ 50 ദിവസം ബുദ്ധിമുട്ട് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു. ലക്ഷ്യം നേടിയോ എന്നും നോട്ടുക്ഷാമം എപ്പോള്‍ പരിഹരിക്കപ്പെടും എന്നും വെളിപ്പെടുത്താതെ പ്രധാനമന്ത്രി ഒളിച്ചുകളിച്ചു. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നടപ്പാക്കുകയാണ് പ്രധാനമന്ത്രി അടിയന്തരമായി ചെയ്യേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.