യു.ഡി.എഫിന്‍റെ വിശ്വാസ്യത അപകടത്തിലായപ്പോഴാണ് പുറത്താക്കേണ്ടി വന്നത്-ഉമ്മൻചാണ്ടി

തിരുവനന്തപുരം: തങ്ങളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായ പുറത്താക്കലാണ് ഉണ്ടായതെന്ന ജോസ്. കെ മാണി വിഭാഗത്തിന്‍റെ വാദം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ജോസ് കെ. മാണിയുമായി നിരവധി തവണ യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. കോട്ടയത്തെ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തിൽ യു.ഡി.എഫുമായി ധാരണയിലെത്തിയിരുന്നു. ഇത് ലംഘിക്കപ്പെട്ടു. യു.ഡി.എഫിന്‍റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ എത്തിയപ്പോൾ യു.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം അടഞ്ഞ അധ്യായമല്ല. ഇനിയും സമവായത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജോസ് കെ. മാണിയുമായി കുഞ്ഞാലിക്കുട്ടിയും ചർച്ചകൾ നടത്തിയിരുന്നു. ധാരണക്കനുസരിച്ച് നീങ്ങിയില്ലെങ്കിൽ വളരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനത്തിലെത്തിയത്. കോട്ടയത്തെ ധാരണ നടപ്പാക്കിയാൽ ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയായിരുന്നു തര്‍ക്കത്തിന് ആധാരം. ആദ്യ 8 മാസം ജോസ് വിഭാഗത്തിനും ബാക്കി 6 മാസം ജോസഫ് വിഭാഗത്തിനും എന്നായിരുന്ന യുഡിഎഫ് ഉണ്ടാക്കിയ ധാരണ. ജോസ് വിഭാഗം രാജിവെക്കാതായതോടെ യുഡിഎഫ് നിരന്തര ചര്‍ച്ചകള്‍ നടത്തി ഒടുവില്‍ ജോസ് വിഭാഗം രാജിവെക്കണമെന്ന് ഔദ്യോഗികമായി തീരുമാനം പരസ്യപ്പെടുത്തി. എന്നിട്ടും രാജിക്കില്ലെന്ന നിലപാടാണ് യുഡിഎഫിനെ പ്രകോപിപ്പിച്ചത്.

ഇന്നലെ തിരുവനന്തപുരത്ത് കന്‍റോണ്‍മെന്‍റ് ഹൌസില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹ്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മറ്റു യുഡിഎഫ് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഫോണ്‍ വഴിയും ആശയ വിനിമയം നടത്തിയാണ് തീരുമാനമെടുത്തത്.

Oommen chandy, JOse K Mani, Kerala congress, kerala news

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.