തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ 19 കേസുകളുണ്ടെന്ന വാദം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫർസീൻ മജീദിനെതിരെ ഏഴ് കേസുകൾ മാത്രമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ ഒന്നിന് ഡോ. എം.കെ. മുനീർ എം.എൽ.എക്ക് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിച്ചത്. വിമാനത്തിനുള്ളിലെ പ്രതിഷേധം അടക്കം ഏഴു കേസുകളാണ് ഫർസീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആറും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ്.
ശുഹൈബ് വധത്തിന് പിന്നാലെ നടന്ന സംഘർഷങ്ങളുടെയും പ്രകടനങ്ങളുടെയും പേരിലാണ് കൂടുതൽ കേസുകളും. ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിനെതിരെ കെ.എസ്.യു നടത്തിയ പ്രകടനത്തിലെ സംഘർഷത്തെ തുടർന്നുള്ളതാണ് ഒരു കേസ്.
നിയമസഭയിൽ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെ ജൂലൈ 20ന് സഭയിൽ ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖമന്ത്രിയുടെ വാദം പൊളിച്ച് ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണം സഭയിൽ വ്യക്തമാക്കിയിരുന്നു.
ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ കലക്ടർക്ക് ശിപാർശ നൽകിയിരുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ഭാഗമായുള്ള കേസുകളിൽ മാത്രമാണ് താൻ ഉൾപ്പെട്ടതെന്നും ഇതൊന്നും കാപ്പ പരിധിയിൽ വരില്ലെന്നും ഉത്തരമേഖല ഡി.ഐ.ജി രാഹുൽ ആർ. നായർക്ക് നൽകിയ മറുപടിയിൽ ഫർസീൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡന്റായ ഫർസീനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിമാനത്തിൽ നടന്ന പ്രതിഷേധത്തിലെ രണ്ടാംപ്രതി നവീൻ കുമാർ, മൂന്നാംപ്രതി സുജിത്ത് നാരായണൻ എന്നിവരെ ഒഴിവാക്കി ഫർസീനെതിരെ മാത്രം കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ വ്യാപക പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.