കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറിയോടെ പുക പടർന്നതോടെ പരിഭ്രാന്തരായി ജനം. ഏറ്റവും കൂടുതൽ രോഗികൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന റെഡ് ഏരിയക്ക് സമീപമാണ് പുകയുയർന്ന യു.പി.എസ് റൂം. ശബ്ദവും പുകയുമുയർന്നതോടെ ഈ ഭാഗത്തുള്ള രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കിറങ്ങാൻ തിടുക്കം കൂട്ടുകയായിരുന്നു.
സന്നദ്ധപ്രവർത്തകർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഇതാണ് വലിയ അത്യാഹിതം ഒഴിവാകാൻ സഹായിച്ചത്. എന്നാൽ, കെട്ടിടനിർമാണത്തിലെ അശാസ്ത്രീയതയും ശുചീകരണമടക്കമുള്ളവയിലെ കെടുകാര്യസ്ഥതയും രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധിയായതായി ആരോപണമുണ്ട്.
ആശുപത്രിയിൽനിന്ന് രോഗികളെ പുറത്തിറക്കാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുരക്ഷയുടെ ഭാഗമായി മറ്റ് വഴികൾ അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു. സെൻട്രലൈസ്ഡ് എ.സി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പുക പുറത്തുപോകാൻ ആവശ്യത്തിന് ജനലുകളും കെട്ടിടത്തിനില്ല. ആശുപത്രിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒറ്റവഴി മാത്രമേയൂള്ളൂ എന്നതും തലവേദനയായി.
വിവരമറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷാപ്രവർത്തനത്തിന് ആംബുലൻസുകൾ എത്തിയപ്പോൾ അകത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങളും ജനത്തിരക്കും കാരണം പ്രവേശന കവാടത്തിൽ ഗതാഗതക്കുരുക്കുണ്ടായതും പ്രതിസന്ധിയായി. ഏറെ പണിപ്പെട്ടാണ് സന്നദ്ധപ്രവർത്തകരും പൊലീസും ഇത് നിയന്ത്രിച്ചത്.
മാത്രമല്ല റാമ്പുകളിൽ ഉപയോഗശൂന്യമായ ട്രോളികൾ, ബെഡുകൾ, വീൽചെയർ തുടങ്ങിയവ കൂട്ടിയിട്ടിരുന്നതിനാൽ മുകൾനിലകളിൽനിന്ന് രോഗികളെ താഴെ ഇറക്കുന്നതിനും പ്രയാസമുണ്ടായി. റാമ്പിലൂടെ തഴെ ഇറങ്ങാൻ ശ്രമിച്ച രോഗികളും കൂട്ടിരിപ്പുകാരും കൂട്ടിയിട്ട മാലിന്യത്തിനു മുന്നിൽ നിസ്സഹായരായി. ഏറെ പണിപ്പെട്ട് മാലിന്യം നീക്കംചെയ്ത ശേഷമാണ് റാമ്പിലൂടെ രോഗികളുമായുള്ള വീൽ ചെയറും ട്രോളിയും ഇറക്കാനായത്.
ഗവ. മെഡിക്കല്‍ കോളജിലെ യു.പി.എസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേക്ക് മാറ്റാനും നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.