‘പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം, കോൺഗ്രസുകാരുടെ അഭിമാനം’; കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട്ട് പോസ്റ്റർ

പാലക്കാട്: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്ത് പോസ്റ്റർ. കെ. സുധാകരൻ ഇല്ലെങ്കിൽ സി.പി.എം മേഞ്ഞുനടക്കുമെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റാൻ ശ്രമിക്കുന്നത് എൽ.ഡി.എഫിന്റെ ഏജന്‍റുമാരാണെന്നും കോൺഗ്രസ് രക്ഷാവേദിയുടെ പേരിൽ പതിച്ച പോസ്റ്ററുകളിൽ പറയുന്നു. പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം, കോൺഗ്രസുകാരുടെ അഭിമാനം കെ. സുധാകരൻ എന്നിങ്ങനെയും പോസ്റ്ററുകളിലുണ്ട്. കെ.പി.സി.സി അധ്യക്ഷനെ മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസം.

അതേസമയം, കെ.സുധാകരന്റെ എതിർപ്പ് മുഖവിലക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കമെന്നാണ് വിവരം. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ വൈകാതെ പ്രഖ്യാപിക്കാനാണ് സാധ്യത. സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

പകരം പരിഗണിക്കുന്നവരുടെ പേരുകളിലേക്ക്​​ ചർച്ച ചുരുങ്ങുന്നതിനിടെ, കെ.പി.സി.സി ആസ്ഥാനത്തെത്തി മാധ്യമങ്ങൾ വഴി അതൃപ്​തിയും അമർഷവും പരസ്യമാക്കിയും അനാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ചുമാണ്​ സുധാകരൻ നേതൃമാറ്റ ചർച്ചകളുടെ വേരറുക്കാൻ ശ്രമിച്ചത്​. രണ്ടു​ മാസം​ മുമ്പ്​​ ഹൈകമാൻഡ്​​ നേതൃമാറ്റ ചർച്ചകളിലേക്ക്​ കടന്നപ്പോഴും രൂക്ഷ ഭാഷയിൽ പ്രതികരിച്ച്​ സുധാകരൻ രം​ഗത്തെത്തിയിരുന്നു. വിവാദം പാർട്ടിയിലും പുറത്തും കത്തുകയും ഭരണപക്ഷം ആയുധമാക്കുകയും ചെയ്​ത സാഹചര്യത്തിലാണ്​ തൽക്കാലം അന്ന്​ ചർച്ച അവസാനിപ്പിച്ചത്​. സമാനമാണ്​ നിലവിലെയും സാഹചര്യം.

പ്രസിഡന്‍റിനെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്​. സുധാകരന്​ അപ്രീതിയുണ്ടാക്കിക്കൊണ്ടുള്ള മാറ്റം ഗുണത്തെക്കാളേറെ ദോഷമാകുമെന്ന്​ നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. ഡൽഹിയിലേക്ക്​ വിളിച്ച്​ നേതൃമാറ്റ കാര്യത്തിൽ ആ​ശയവിനിമയം നടത്തിയതിലൂടെ പന്ത്​ സുധാകരന്‍റെ കോർട്ടിലേക്കാണ്​ ഹൈകമാൻഡ്​​ തട്ടിയത്​. സുധാകരൻ സ്വയം ഒഴിയുമെന്നും പരിക്കില്ലാതെ അഴിച്ചുപണി പൂർത്തിയാക്കാമെന്നുമുള്ള പ്രത്യാശയിലായിരുന്നു നേതൃത്വം.

എന്നാൽ, വാർത്തസമ്മേളനത്തിന്​ സമാനം മാധ്യമങ്ങൾക്ക്​ ഊഴം ​വെച്ച്​ അഭിമുഖം നൽകിയും തന്‍റെ നേതൃകാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പിണറായി വിജയൻ ഭരണത്തിന്​ അന്ത്യം കുറിക്കലടക്കം ഭാവിലക്ഷ്യങ്ങൾ അക്കമിടുകയും ചെയ്​തതിലൂടെ പന്ത്​ ഹൈകമാൻഡിന്‍റെ കോർട്ടിലേക്കാണ്​ അദ്ദേഹം തിരിച്ചടിച്ചത്​. ഹൈകമാൻഡ്​​ തീരുമാനിച്ചാൽ ആ നിമിഷം ചുമതലയൊഴിയുമെന്നും എന്നാൽ, നേതൃത്വം കൈവിടില്ലെന്നതാണ്​ ഏറ്റവും വലിയ ആത്മവിശ്വാസമെന്നു​കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഈ ആത്മവിശ്വാസം തുടരുമോ തകരുമോ എന്നാണ്​ കണ്ടറിയേണ്ടത്.

തെരഞ്ഞെടുപ്പ്​ വർഷത്തിൽ പ്രസിഡന്‍റ്​​ മാറേണ്ടതില്ലെന്നാണ്​ ഒരു വിഭാഗത്തിന്‍റെ നിലപാട്​. കെ. മുരളീധരനടക്കം ഇത്​ പരസ്യമാക്കി. അദ്ദേഹത്തെ ഇപ്പോൾ ഒഴിവാക്കുന്നത്​ നന്ദികേടാണെന്ന്​ കരുതുന്നവരും പാർട്ടിയിലുണ്ട്​. സർക്കാറിനെ നിയമസഭയിലും പുറത്തും രാഷ്ട്രീയമായി പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ കോൺഗ്രസിലെ പുനഃസംഘടന പ്രശ്നങ്ങളുന്നയിച്ച്​ ഭരണപക്ഷവും തിരിച്ചടിച്ചു​തുടങ്ങിയിട്ടുണ്ട്​.

Tags:    
News Summary - 'Only one person can beat Pinarayi'; Palakkad poster in support of K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.