തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) നാട്ടിലില്ലാത്തവരുടെ വിവരശേഖരണത്തിനായി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിക്കുന്നുണ്ടെങ്കിലും നടപടികൾ സങ്കീർണ്ണം. വോട്ടർപട്ടിക വിവരങ്ങളിൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഓൺലൈൻ നടപടികൾ തുടരാനാവുക. ഇല്ലെങ്കിൽ ഫോം എട്ട് വഴി വോട്ടർ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം.
പ്രവാസികളെ സംബന്ധിച്ച് ഇത് എത്രത്തോളം പ്രയോഗികമാണെന്ന ചോദ്യം ശക്തമാണ്. വോട്ടർ ഐ.ഡി കാർഡിലെ പേര്, ജനനത്തീയതി, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവ ഡാറ്റാബേസിലെ വിവരങ്ങളുമായി പൊരുത്തപ്പെടാതെ വരുകയോ അപൂർണമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഓൺലൈൻ അപേക്ഷ തുടരാനാകില്ല.
ആധാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പോർട്ടൽ വഴിയുള്ള എന്യൂമറേഷൻ. വോട്ടർപട്ടികയിലെയും ആധാറിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടായാൽ ഓൺലൈൻ അപേക്ഷ തടസ്സപ്പെടും. പേരിലെ വ്യത്യാസം പോലും കുരുക്കാകും. പട്ടികയിലെ പേര് ചിലപ്പോൾ അപൂർണമായിരിക്കും. പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളാകും പേര് ചേർക്കുക. എന്നാൽ, ആധാർ അപേക്ഷ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുമാകും. ഫലത്തിൽ പേരിൽ വ്യത്യാസം വരാനുള്ള സാധ്യത കൂടുതലാണ്.
ഓൺലൈൻ സൗകര്യം ഉപയോഗിക്കുന്നതിന് ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേർഡ് ആവശ്യപ്പെടുന്നുണ്ട്. ഫലത്തിൽ ആധാർ -വോട്ടർ പട്ടിക ലിങ്കിങ്ങിന് സമാനമായ സാഹചര്യമാണുണ്ടാവുക. ഇങ്ങനെ സമർപ്പിക്കുന്ന രേഖകളുടെ വെരിഫിക്കേഷൻ സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഓൺലൈൻ അപേക്ഷയിലെ ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ വഴി മാത്രമേ നടപടികൾ പൂർത്തിയാക്കാനാകൂ എന്നതടക്കം നിബന്ധനകൾ കേന്ദ്ര നിയമമാണെന്നും ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാനാകില്ലെന്നുമായിരുന്നു സി.ഇ.ഒ രത്തൻ ഖേൽക്കറുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.