തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ വാർഷിക പരീക്ഷ മുടങ്ങിയ സാഹചര്യത്തിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് തൊട്ടുമുകളിലെ ക്ലാസുകളിലേക്ക് വ്യവസ്ഥകൾക്കനുസരിച്ച് ക്ലാസ് കയറ്റം നൽകി പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഒമ്പതാം ക്ലാസിൽ ഇതിനകം പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം നടത്തണം. പരീക്ഷ നടത്താൻ കഴിയാത്ത ഒന്നാം ഭാഷ പേപ്പർ രണ്ട്, സാമൂഹികശാസ്ത്രം, കലാകായിക പ്രവൃത്തി പരിചയം എന്നിവയുടെ കാര്യത്തിൽ അർധവാർഷിക പരീക്ഷക്ക് ലഭിച്ച സ്കോർ ക്ലാസ് കയറ്റത്തിന് പരിഗണിക്കണം.
ഏതെങ്കിലും കുട്ടി അർധവാർഷിക പരീക്ഷ എഴുതിയിട്ടില്ലെങ്കിൽ അവരുടെ ആ വിഷയങ്ങളിലെ പാദവാർഷിക പരീക്ഷ മാർക്ക് പരിഗണിക്കണം. പാദ/ അർധവാർഷിക പരീക്ഷ എഴുതാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയാറാക്കി പരീക്ഷ നടത്തി സ്കോർ പരിഗണിക്കണം.
ഒമ്പതാം ക്ലാസ് പരീക്ഷ പേപ്പറുകൾ മൂല്യനിർണയത്തിനും പാദ/ അർധവാർഷിക പരീക്ഷക്ക് ലഭിച്ച സ്കോറുകൾ ബന്ധപ്പെട്ട അധ്യാപകർക്ക് ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രധാനാധ്യാപകൻ നടത്തണം. അർഹരായ കുട്ടികൾക്ക് പത്തിലേക്കുള്ള ക്ലാസ് കയറ്റപട്ടിക മേയ് 20നകം പ്രസിദ്ധീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.