അമീബിക് മസ്തിഷ്കജ്വരം
കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. രോഗിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം ആറും മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14ഉം ആയി.
വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് എൻസെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യത്തിന് സാധ്യത കൂടുതൽ.
45 ഡിഗ്രി ചൂടിനെ വരെ അമീബകൾക്ക് അതിജീവിക്കാൻ കഴിയും. കിണറുകളിലും കുളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാവും. മൂക്കിലെ നേര്‍ത്ത പാളിയിലെ സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് പരമാവധി ഒഴിവാക്കണം.
കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇവ അനുഭവപ്പെടുന്നവർ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് രജിസ്റ്റർ സൂക്ഷിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്
അമീബിക് മെനിഞ്ചൈറ്റിസ്, മഞ്ഞപ്പിത്തം, കോളറ എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ കുടിവെള്ള സ്രോതസ്സുകളും പൊതു കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശമുണ്ടെങ്കിലും ബ്ലീച്ചിങ് പൗഡർ ക്ഷാമം വെല്ലുവിളിയാവുന്നു. കെ.എം.എസ്.സി.എൽ വഴി ബ്ലീച്ചിങ് പൗഡർ ആവശ്യത്തിന് ലഭ്യമല്ലാതായതോടെ ആവശ്യമായ ബ്ലീച്ചിങ് പൗഡർ ലോക്കൽ പർച്ചേസ് വഴി വാങ്ങി ക്ലോറിനേഷൻ നടത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.