കൊല്ലം: ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് ഒരു ജനറൽ കോച്ചുകൂടി അനുവദിച്ചു. തിരക്കേറിയ ഈ ട്രെയിനിൽ വൈകീട്ട് ഡീ റിസർവ്ഡ് കോച്ചോ അെല്ലങ്കിൽ കൂടുതൽ ജനറൽ കോച്ചുകളോ വേണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്.
ഇപ്പോൾ രണ്ട് ജനറൽ കോച്ചുകൾ മാത്രമുള്ള 12695/12696 ട്രെയിനിൽ ജനുവരി 23 മുതൽ ഒരു ജനറൽ കോച്ചുകൂടി അനുവദിച്ചതായി അറിയിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് കത്തുനൽകി. ചെന്നൈ മെയിൽ ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മ സ്ഥിരം യാത്രക്കാരുടെ ഒപ്പ് ശേഖരിച്ച് മൂന്നുമാസം മുമ്പ് എം.പിക്ക് നിവേദനം നൽകിയിരുന്നു. വൈകീട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്ന തിരക്കിന്റെ ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറി. യാത്രക്കാർ നവംബറിൽ നൽകിയ നിവേദനം അപ്പോൾതന്നെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലാഹോട്ടി, റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി ശിപാർശയോടെ കൈമാറുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച നൽകിയ ഉത്തരവിൽ ഡി-റിസർവ്ഡ് കോച്ച് പരിഗണിക്കാനാവില്ലെന്നും പകരം ഒരു ജനറൽ കോച്ചുകൂടി അനുവദിക്കാമെന്നും അറിയിക്കുകയായിരുന്നു. ഡി-റിസർവ്ഡ് കോച്ച് അനുവദിക്കുന്നത് ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ട്രെയിനിന് ഒരു ജനറൽകോച്ച് കൂടുതൽ വന്നത് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തിനും തിരിച്ചുമുള്ള നിരവധി യാത്രക്കാർക്കാണ് പ്രയോജനമാകുന്നത്. ട്രെയിനിന് ഒരു ജനറൽ കോച്ച് അനുവദിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിക്കും റെയിൽവേ മന്ത്രിക്കും അധികൃതർക്കും നന്ദി പറയുന്നതായി ചെന്നൈ മെയിൽ ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മ അഡ്മിൻ കിഷോർകുമാർ അറിയിച്ചു. ഇതിനിടെ പുനലൂർ- കന്യാകുമാരി പാസഞ്ചർ െട്രയിനിന് പരവൂരിൽ സ്റ്റോപ് അനുവദിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.