കൊച്ചി: ഇടുക്കി ദേവികുളം ആനവിരട്ടിയിലെ 99.61 ഏക്കർ സ്ഥലം പതിച്ചു നൽകാനുള്ള സ്വകാര്യ വ്യക്തികളുടെ അപേക്ഷ തള്ളിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. ഏലപ്പാട്ട നിയമപ്രകാരം വർഷങ്ങളായി തങ്ങളുടെ കൈവശമുള്ള ഭൂമി ഭൂപതിവ് നിയമ പ്രകാരം പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് സഹോദരങ്ങളടക്കം ഒമ്പത് പേർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി ഉത്തരവിട്ടത്.
ആനവിരട്ടി വില്ലേജിലെ 99.61ഏക്കർ പതിച്ചു നൽകാനുള്ള 2017ലെ അപേക്ഷ തള്ളിയ റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെ 2018 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. തങ്ങൾക്കല്ലാതെ മറ്റാർക്കും പതിച്ചു നൽകരുതെന്ന് ഉത്തരവിടണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു.
ഏലം ഭൂമി നിയമ പ്രകാരം മുഴുവൻ ഭൂമിയും പതിച്ചു നൽകണമെന്ന ആവശ്യവുമായി ഔസേഫ് വർക്കി എന്നയാൾ അപേക്ഷ സമർപ്പിച്ചെങ്കിലും 1956ൽ മരിച്ചതോടെ ഹരജിക്കാരായ മക്കൾ അപേക്ഷകരായി തുടരുകയായിരുന്നു. അപേക്ഷയിൽ നടപടികളില്ലാതായതോടെ സിംഗിൾ ബെഞ്ചിനെയും ഉത്തരവ് പ്രതികൂലമായതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചു.
എന്നാൽ ഏലപ്പാട്ട നിയമ പ്രകാരം ഹരജിക്കാർക്ക് ഭൂമിയിൽ അവകാശമില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ തീർപ്പ്. പുനഃപരിശോധന ഹരജിയും തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചിട്ടും അനുകൂല വിധിയുണ്ടായില്ല. ഭൂപതിവ് നിയമ പ്രകാരം ഭൂമിയിൽ തങ്ങളുടെ അവകാശം തെളിയിക്കാനുള്ള എന്തെങ്കിലും നിയമപിൻബലമുള്ള വ്യവസ്ഥകൾ ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.