എടപ്പാള്‍ മേല്‍പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണ മരണം; ഒരാളുടെ നില ഗുരുതരം

എടപ്പാൾ: സംസ്ഥാനപാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസും ഗുഡ്സ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയും ഗുഡ്സ് വാഹനത്തിലെ ഡ്രൈവറുമായ 50 വയസുള്ള രാജേന്ദ്രനാണ് മരിച്ചത്. 10ഓളം പേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കൊറിയര്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് വാനും ആണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ മുന്‍വശത്തേക്ക് ഇടിച്ച് കയറിയ ഗുഡ്സ് വാനിനുള്ളില്‍ കുടുങ്ങിയ വാന്‍ ഡ്രൈവറാണ് ദാരുണമായി മരിച്ചത്. രണ്ടര മണിക്കൂറോളം വാഹനത്തിന് ഉള്ളില്‍ കുടുങ്ങി കിടന്ന രാജേന്ദ്രന്റെ മൃതദേഹം ചങ്ങരംകുളം പൊലീസും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം നീക്കം ചെയ്താണ് പുറത്തെടുത്തത്.

മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരായ 10ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി 50 വയസുള്ള സുകുമാരനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മലപ്പുറം സ്വദേശിയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായ മുഹമ്മദ് അനസ്, കണ്ടക്ടര്‍ മുണ്ടുപറമ്പ് സ്വദേശി അബ്ദുല്‍ സമദ്, യാത്രക്കാരായ തിരുവനന്തപുരം സ്വദേശി വിഷ്ണുമോഹന്‍, ഹരിപ്പാട് സ്വദേശി അജു, കൊല്ലം സ്വദേശി മീന, തിരുവന്തപുരം സ്വദേശികളായ ഷാനു, വര്‍ഷ, ഷേര്‍ളി എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

Tags:    
News Summary - One death due to vehicle collision in Edappal, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.