മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ; ഒരുമരണം, മൂന്നുപേരെ രക്ഷപ്പെടുത്തി
ചോക്കാട്: മലപ്പുറം ചോക്കാട്ടുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. ഞായറാഴ്ച വൈകീട്ടോടെ ഒളർവട്ടം കടവിലാണ് സംഭവം. കാണാതായ നാലുപേരിൽ മൂന്ന് ആളുകളെ പിന്നീട് രക്ഷപ്പെടുത്തി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ചുപേരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ചോക്കാട്, അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടി.കെ. കോളനി പുഴയിലാണ് വൈകീട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ചോക്കാട് പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനമേഖലയിൽ പെയ്ത മഴയെത്തുടർന്ന് പുഴയിൽ ഒഴുക്ക് വർധിക്കുകയും മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയും ചെയ്തതാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒഴുക്കിൽപ്പെട്ടവർക്കായി നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്.
സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങൾ കണ്ട് ധാരാളം പാറക്കെട്ടുകളുള്ള ഈ പുഴയിലേക്ക് ദിനംപ്രതി നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ടവർ നാട്ടുകാരാണോ അതോ പുറത്തുനിന്ന് എത്തിയവരാണോ എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് ഇരുട്ട് പരന്നത് രക്ഷാപ്രവർത്തനത്തിന് കനത്ത തടസ്സമായിട്ടുണ്ട്. കൂടുതൽ വെളിച്ച സംവിധാനങ്ങൾ ഒരുക്കി തിരച്ചിൽ തുടരാനാണ് അഗ്നിരക്ഷാ സേനയുടെ ശ്രമം. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന് പുറമേ മറ്റ് കൂടുതൽ യൂണിറ്റുകളിൽ നിന്നുള്ള സേനാംഗങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.