കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇടവഴിയിലെ മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന ഇടവഴിയിലാണ് ഞായറാഴ്ച രാവിലെ തലയോട്ടി കണ്ടത്. കാൽനട യാത്രക്കാരനാണ് തലയോട്ടി ആദ്യം കണ്ടത്. പിന്നീട് കോഴിക്കോട് ടൗൺ പൊലീസിനെ വിവരമറിയിച്ചു.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പാണ് ഈ ഭാഗത്തുള്ളത്. ഇവിടെ മാലിന്യം തള്ളാറുണ്ട്. ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നാകാം തലയോട്ടി റോഡരികിലേക്ക് തെറിച്ചുവീണതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞയുടൻ ടൗൺ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്ത് മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളോ അസ്ഥികളോ ഉണ്ടോയെന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോർപറേഷൻ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

തലയോട്ടിക്ക് ഏതാണ്ട് ഒന്നു മുതൽ രണ്ടു വർഷം വരെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടിയിൽ മണ്ണിന്റെ അംശം വളരെ കുറവാണ്. ​ഫോറൻസിക് പരിശോധനകൾക്ക് ശേഷം തലയോട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടൗൺ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Tags:    
News Summary - Human Skull Found In Waste kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.