മുഖ്യമന്ത്രിക്കെതിരായ എസ്എഫ്ഐ ബാനർ: കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് കെഎസ്‌യുവിന്റെ പരാതി

കൊല്ലം: മുഖ്യമന്ത്രി വി.ഡി സതീശന്റെ സൽപേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ട് എസ്എഫ്ഐ അധിക്ഷേപകരമായ ബാനർ സ്ഥാപിച്ചതായി പരാതി. കൊല്ലം ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാദ ബാനർ ഉയർത്തിയത്.

‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന വാചകങ്ങൾ എഴുതിയ ബാനറിനെതിരെയാണ് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ല പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയത്.

മുഖ്യമന്ത്രിയെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം അധിക്ഷേപകരമായ പ്രചാരണങ്ങൾ നടത്തുന്നതെന്നും, സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളിലെ യൂനിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ ഉയർത്തിയ ബാനറിനെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എയും രംഗത്ത് എത്തിയിരുന്നു.ഏഴിലോ എട്ടിലോ പഠിക്കുന്ന കുട്ടികൾ ക്ലാസ് മുറിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്ന രീതിയിൽ ബാനർ ഉയർത്തിയതിനെയാണ് ബൽറാം വിമർശിച്ചത്.

"ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പേരിൽ ആ കുട്ടികളെക്കൊണ്ട് ഒരു 'വിദ്യാർത്ഥി സംഘടന' പിടിപ്പിക്കുന്ന ബാനറാണിത്. എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും... നിങ്ങൾക്കെന്താ വയ്യേ!" - വി.ടി. ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

കൊല്ലം ഗുഹാനന്ദപുരം സ്കൂളിൽ എസ്‌.എഫ്‌.ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ സ്ഥാപിച്ച ബാനറാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സ്കൂൾ യൂനിയൻ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് വിവാദ ബാനർ ഉയർന്നത്.

എന്നാൽ, ഈ നടപടിയെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. ‘പൂക്കി’ എന്നത് പുതുതലമുറ വളരെ പോസിറ്റീവായും 'ക്യൂട്ട്‌നെസ്' സൂചിപ്പിക്കാനും ഉപയോഗിക്കുന്ന വാക്കാണെന്നും അതിൽ തെറ്റില്ലെന്നുമാണ് അവരുടെ വാദം. മുമ്പ് ഇടതുപക്ഷ നേതാക്കൾക്കെതിരെ പ്രതിപക്ഷം നടത്തിയ അധിക്ഷേപങ്ങൾ ഓർമിപ്പിച്ചാണ് സി.പി.എം സൈബർ പ്രൊഫൈലുകൾ ഇതിനെ പ്രതിരോധിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags:    
News Summary - KSU complaint over SFI banner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.