തൃശൂർ: പൂരം നിറയുന്ന തേക്കിൻകാട്ടിലെ പ്രധാനവേദികളും ഘടകപൂരങ്ങളെന്ന കണക്കെ സ്വരാജ് റൗണ്ടിനെ ചുറ്റിയുള്ള മറ്റ് വേദികളുമായി വ്യത്യസ്തതകളാൽ വ്യതിരിക്തമാവുന്ന 58ാം സംസ്ഥാന സ്കൂൾ കലോത്സവം ബജറ്റ് കൊണ്ടും വിഭിന്നമാവും. വിസ്മയമായ തൃശൂർ പൂരത്തിനൊപ്പമെത്തുന്ന കലാപൂരമാക്കി കലോത്സവത്തെ മാറ്റാനാണ് സംഘാടകരുടെ ശ്രമം. ചരക്കുസേവന നികുതി (ജി.എസ്.ടി) വരിഞ്ഞുമുറുക്കിയ ഈ കലോത്സവത്തിന് ഒരുക്കിയ ബജറ്റ് കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നതാവും. എന്നാൽ ഇക്കാര്യത്തിൽ സംഘാടകർക്ക് ആശങ്കയൊന്നുമില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കുട്ടികളിൽ നിന്നും സമാഹരിച്ച പണത്തിെൻറ വിഹിതത്തിനൊപ്പം കലോത്സവ ബാങ്ക് അക്കൗണ്ട് സമ്പന്നമായതിനാൽ കലോത്സവം കളറാവുമെന്നതിൽ സംശയമൊന്നും വേണ്ടെന്ന് കലോത്സവ ജനറൽ കൺവീനർ എ.ഡി.പി.െഎ ജെസി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
96.6 ലക്ഷത്തിെൻറ ബജറ്റിനാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം സാംസ്കാരിക നഗരിയിൽ വിരുന്നെത്തുന്ന കലാത്സവത്തിന് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അതേ ബജറ്റാണിത്. എന്നാൽ വിവിധ വകുപ്പുകൾക്ക് കീഴിൽ കലോത്സവം അണിഞ്ഞൊരുങ്ങുേമ്പാൾ ജി.എസ്.ടി വില്ലനാവുമെന്നതിൽ തർക്കമില്ല. എന്നാൽ, 21 വകുപ്പുകളിൽ ഒരുങ്ങുന്ന കലോത്സവത്തിന് ജി.എസ്.ടി ബില്ലിൽ കരാർ നൽകിയത് ഒരാൾ മാത്രമാണ്. കലാകൗമാരത്തിനും ഒഫീഷ്യൽസിനും അടക്കം വിരുന്നെത്തുന്നവർക്ക് രുചിയുടെ പെരുമ തീർക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. 13ാം തവണ കലോത്സവത്തിന് വിരുന്നൊരുക്കുന്ന പഴയിടം പാലടയും പഴപ്രഥമനും ഒമ്പത് വിഭവങ്ങൾ അടക്കം ജനുവരി ആറ് മുതൽ പത്ത് വരെ അഞ്ച് ദിനങ്ങളിൽ സദ്യവട്ടം കൂട്ടുന്നതിന് 22.5 ലക്ഷമാണ് കരാർ നൽകിയിരിക്കുന്നത്. കുട്ടികളും അധ്യാപകരും നാട്ടുകാരും സംഭാവന നൽകുന്ന ജൈവപച്ചക്കറി ഉൾപ്പെടെ കാര്യങ്ങൾ കുശാലായാൽ സംഘാടകർക്ക് ഭക്ഷണ ബജറ്റിൽ കുറവു വരുത്താനാവും. സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിക്കാണ് ബജറ്റിൽ ഏറ്റവും അധികം തുക വകയിരുത്തിയിരിക്കുന്നത്.
ഭീമൻ മുഖ്യവേദി അടക്കം 25 വേദികൾ ഒരുക്കുന്നതിന് 29 ലക്ഷത്തിനാണ് കരാർ. ലൈറ്റ് ആൻഡ് സൗണ്ടിന് 19 ലക്ഷമാണ് വേണ്ടത്. താമസത്തിന് 11.5 ലക്ഷമാണ് നിലവിൽ വിലയിരുത്തിയിരിക്കുന്നത്. പ്രോഗ്രാമിന് മൂന്നും. സാംസ്കാരിക ഘോഷയാത്രക്ക് പകരമൊരുക്കിയ ദൃശ്യവിസ്മയത്തിന് ഒരുലക്ഷമാണ് ബജറ്റിലുള്ളത്. കലോത്സവത്തിനും വേദികൾക്കും ഹരിത പെരുമാറ്റച്ചട്ടം ഒരുക്കുന്നതിന് 25,000 രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ജി.എസ്.ടി അടക്കം വരുന്നതോടെ ബജറ്റ് ഒരു കോടി കടക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.