കരൂപ്പടന്ന (തൃശൂർ): പൂക്കളമിട്ട്, ഓണപ്പാട്ട് പാടി, ഓണസദ്യയുണ്ട് അവർ മടങ്ങി, അവിസ്മരണീയ ഓർമകളുമായി. വെള്ളാങ്ങല്ലൂര്‍ മഹല്ല് ജമാഅത്തിെൻറ കീഴിലുള്ള കരൂപ്പടന്ന പള്ളിനട മന്‍സിലുല്‍ ഹുദ മദ്റസയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് ഓണാഘോഷം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയത്.
പ്രളയം മൂടിയ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം കോഴിക്കാട്, അന്നിക്കര, വലിയപാടം പ്രദേശത്തുള്ളവരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക കെട്ടിടവും സര്‍വ മതസ്ഥർക്കും പ്രാർഥന നടത്താനുള്ള സൗകര്യവും മഹല്ല് ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്നു.അത്തപ്പൂക്കളമിട്ട്, മുത്തശ്ശിമാരും കുട്ടികളും ഓണപ്പാട്ടുകള്‍ പാടി. വിഭവ സമൃദ്ധമായ സദ്യ കഴിച്ച ശേഷം സംഘാടകര്‍ നല്കിയ അരിയും അവശ്യസാധനങ്ങളും അടങ്ങിയ കിറ്റുമായാണ് അവര്‍ മടങ്ങിയത്.
ക്യാമ്പിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് തെക്കുംകര വില്ലേജ് ഓഫിസര്‍ ജമീല, ഗ്രാമപഞ്ചായത്ത് അംഗം കദീജ അലവി, മഹല്ല് ഭാരവാഹികളും പൊതുപ്രവര്‍ത്തകരുമായ എം.എസ്. മുഹമ്മദാലി, കെ.എ. മുഹമ്മദ്, അയ്യൂബ് കരൂപ്പടന്ന, പി.എം. അബ്ദുൽഗഫൂര്‍, എ.എം. ഷാജഹാന്, ടി.കെ. കുഞ്ഞുമോന്, സി.ഇ. അബൂബക്കര്‍, റിയാസ് റസാഖ് എന്നിവര്‍ നേതൃത്വം നൽകി. സെക്രട്ടറി എം.എസ്. മുഹമ്മദാലിയുടെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികൾ മുഴുവൻ സമയവും ക്യാമ്പിൽ ഉണ്ടായിരുന്നു. സമീപ ക്യാമ്പുകൾ പെരുന്നാൾ ദിവസം അവസാനിപ്പിച്ചെങ്കിലും ഇവിടെ തിരുവോണം വരെ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.