കാനകളിലെ ചളി നീക്കത്തിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും -ഹൈകോടതി

കൊച്ചി: കാനകളിലെയും ഓടകളിലെയും ചളി നീക്കത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന്​ ഹൈകോടതി. വർഷകാലം പടിവാതിക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ​ വീഴ്ചയുണ്ടായാൽ കൊച്ചി കോർപറേഷൻ അസി. എൻജിനീയർമാരെ വിളിച്ചുവരുത്തുമെന്നാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ്​ നൽകിയത്​. മുല്ലശ്ശേരി കനാൽ നവീകരണത്തിനായി എം.ജി റോഡ് മുറിച്ച് പൈപ്പിടുന്ന ജോലി എത്രയുംവേഗം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നഗരത്തിലെ വെള്ളക്കെട്ട്​ പ്രശ്നം പരിഹരിക്കണമെന്ന ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന കെട്ടിടങ്ങൾക്കായി 2.38 കോടി കൈമാറിയിട്ടും നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുകയാണെന്ന് ജി.സി.ഡി.എ കോടതിയെ അറിയിച്ചു. തുടർന്ന്​ ഒരു കെട്ടിടത്തിന്‍റെ ജോലി ജൂൺ 30നകം പൂർത്തിയാക്കണമെന്ന് കോടതി കരാറുകാരനോട്​ നിർദേശിച്ചു. രണ്ടാം ബ്ലോക്കിന്റെ കാര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ കലക്ടർക്ക്​ നിർദേശവും നൽകി.

കമ്മിട്ടിപ്പാടത്ത് റെയിൽവേ കൽവെർട്ടിനടിയിലെ ചളി നീക്കാനുള്ള ജോലി തുടങ്ങിയതായി റെയിൽവേ അറിയിച്ചു. എന്നാൽ, കൽവെർട്ടിന്റെ പുനർനിർമാണത്തിന് റെയിൽവേ ചീഫ് എൻജിനീയറുടെ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. റോബോട്ടിക് യന്ത്രം കൊണ്ടുവന്നിട്ടും ഇതുവരെ ഉപയോഗിക്കാത്തത്​ നാണക്കേടാണെന്ന്​ അഭി​പ്രായപ്പെട്ട കോടതി ചളിനീക്കുന്ന കാര്യത്തിൽ ജില്ല കലക്ടർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരടക്കം മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചു.

മുല്ലശ്ശേരി കനാൽ നവീകരണത്തിന്​ പൈപ്പുകൾ മാറ്റാൻ ചിറ്റൂർ റോഡ് മുറിക്കാൻ കൊച്ചി കോർപറേഷൻ അനുമതി നൽകണം. തട്ടുകടകളടക്കമുള്ളവ കാനകളിലേക്ക്​ മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കുകയും ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാവണമെന്നും​ കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Officials will be summoned if there is failure to move mud in mines - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.