വ്യാജ സർട്ടിഫിക്കറ്റിൽ പനിച്ചു വിറക്കുന്ന ഓടനാട്ടെ രാഷ്ട്രീയം

കായംകുളം: എം.എസ്.എം കോളജിൽ നിന്നും എസ്.എഫ്.ഐ നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയതോടെ ഓടനാട് ദേശത്തെ മിക്ക നേതാക്കൾക്കും പനിയും കുളിരും ബാധിച്ചതായ കരകമ്പി വ്യാപകമാണ്. ബിരുദമുള്ളവരും ബിരുദാനന്തര ബിരുദമുള്ളവരും നിയമ ബിരുദമുള്ളവരുമായ ഭരണ-പ്രതിപക്ഷത്തെ മിക്കവരും പനിച്ചുവിറച്ച് കട്ടിലിൽ മൂടിപ്പുതച്ചുറങ്ങുകയാണെന്നാണ് പറയുന്നത്.

ഭരണക്കാർ നാണക്കേട് കാരണം പുറത്തിറങ്ങാതായപ്പോൾ പ്രതിപക്ഷത്തുള്ളവർക്ക് ഇതെന്ത് പറ്റിയെന്ന അന്വേഷണമാണ് ‘പനി’യിൽ എത്തിച്ചേരാൻ കാരണമായത്. പത്രങ്ങളും ചാനലുകളും വെണ്ടക്ക വലിപ്പത്തിൽ എല്ലാ ദിവസവും വ്യാജന്‍റെ വാർത്ത കൊടുത്തിട്ടും പനികാരം ഇവരിതൊന്നും കണ്ടിട്ടേയില്ല. വ്യാജ നിർമിതിക്കാരനായ മുൻ എസ്.എഫ്.ഐ നേതാവ് ‘നിഖിൽ തോമസിന്‍റെ’ കസ്റ്റഡി കാലാവധി കഴിഞ്ഞെ ഇനി പുറത്തിറങ്ങുകയുള്ളൂവെന്ന വാശിയും ചിലർ പ്രകടിപ്പിക്കുന്നു.

തട്ടിപ്പ് പിടിച്ച അന്നുതന്നെ കോളജിനെയും മാനേജരെയും ക്രൂശിക്കരുതെന്ന് കാട്ടി പ്രസ്താവനയുമായി രംഗത്തുവന്നവർക്കും ഇപ്പോൾ പനി ബാധിച്ചിട്ടുണ്ടത്രെ. എന്ത് പ്രശ്നമുണ്ടായാലും കോളജിനൊപ്പമെന്ന സന്ദേശത്തിലൂടെ തങ്ങളുടെ സർട്ടിഫിക്കറ്റിനെ കുറിച്ച് മിണ്ടരുതെന്നാണോ ഇവർ പറഞ്ഞതെന്നാണ് ജംങ്ഷനിൽ കട നടത്തുന്ന ഹസനാരിക്ക വരെ ചോദിച്ചത്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് മുട്ടൻ പണി കൊടുത്ത സി.പി.എമ്മുകാരെ അടിക്കാൻ നല്ലൊരു വടി കിട്ടിയിട്ടും കോൺഗ്രസുകാരെയും അവരുടെ കൂട്ടക്കാരെയും കോളജിന്‍റെ പരിസരത്ത് പോലും കാണാനില്ലാത്തതിലും പലരും സംശയം പറയുകയാണ്.

ഒരുകാലം ഗ്രൂപ്പുതിരിഞ്ഞ് മൽസരിച്ചിട്ടും കെ.എസ്.യുവിന്‍റെ കുത്തകയായിരുന്ന കോളജായിരുന്നു. അന്ന് ജഗജല്ലികളായിരുന്നവരാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നതെന്നതാണ് പ്രസക്തം. തമ്മിൽ തല്ലിൽ കുലം മുടിഞ്ഞതോടെ എസ്.എഫ്.ഐ കുത്തകയാക്കിയ കോളജ് യൂണിയനകത്തേക്ക് പതിറ്റാണ്ടിന് ശേഷം ഇത്തവണയാണ് ഒന്ന് കയറാൻ കഴിഞ്ഞത്. അതും എം.എസ്.എഫിനെ മുന്നിൽ നിർത്തി മൽസരിച്ചപ്പോൾ. ദോഷം പറയരുതെല്ലോ ഇതിന് എസ്.എഫ്.ഐ യൂണിറ്റ് നേതാവായിരുന്ന കഥാനായകൻ ‘നിഖിൽ’ മുഖാന്തിരം കിട്ടിയ സഹായം പ്രതിപക്ഷ വിദ്യാർഥി സംഘടനകൾക്ക് മറക്കാനാകില്ലല്ലോ.

സംഘടനയിലെ നിഖിലിന്‍റെ എതിർപക്ഷത്ത് നിന്നും കിട്ടിയ കാര്യമായ പിന്തുണക്കുള്ള ഉപകാര സ്മരണയാണ് ‘മൗനമെന്ന്’ ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാനാകുമോ. വ്യാജനെ പുകച്ച് പുറത്ത് ചാടിക്കുന്നതിലും ഈ കൂട്ടുകെട്ടിന് പങ്കുണ്ടായിരുന്നെന്ന് വെറുതെ പറയുന്നതാണ്. ഇതിനെ ചേർത്ത് കെ.എസ്.യുവിന്‍റെ പ്രതിഷേധ വീര്യത്തെ ചോദ്യം ചെയ്യരുതെന്നാണ് സദാനന്ദൻ ചേട്ടൻ പറയുന്നത്. യുവ തുർക്കികളായ യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് നമ്മൾ കാണാതെ പോകരുതെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന പ്രസിഡന്‍റ് മുതൽ മണ്ഡലം പ്രസിഡന്‍റ് വരെയുള്ള സ്ഥാനങ്ങളിലേക്ക് മിക്കവരും ഇവിടെ സ്ഥാനാർഥികളാണ്. ഗ്രൂപ്പ് വീതംവെപ്പിന് യൂത്ത് കോൺഗ്രസിൽ ആള് തികയാഞ്ഞിട്ട് കെ.എസ്.യുവിൽ നിന്ന് വരെ ഇറക്കേണ്ടി വന്നിരിക്കുകയാണ്.

സ്വന്തം തടിരക്ഷപ്പെടുത്താനുള്ള ജയം തേടി നെട്ടോട്ടമോടുമ്പോൾ ഇത്തരം ‘ചീള് കേസ്’ എടുക്കാൻ നേരമില്ലെന്നാണ് ഇവരുടെ പക്ഷം. മൂത്ത കോൺഗ്രസാകട്ടെ പുതിയ ബ്ലോക്ക് പ്രസിഡന്‍റുമാരെ നിശ്ചയിച്ചതിന്‍റെ ആലസ്യത്തിൽ നിന്നും ഇതുവരെ ഉണർന്നിട്ടില്ല. എ-ഐ ഗ്രൂപ്പുകളുടെ കുത്തകയായിരുന്ന നാട്ടിൽ രണ്ട് പ്രസിഡന്‍റ് സ്ഥാനവും കെ.സി പക്ഷം കൊണ്ടുപോയതിന്‍റെ നിരാശയിൽ തൽകാലം പൊതുപരിപാടികളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. വ്യാജനെ സൃഷ്ടിച്ച സി.പി.എമ്മിനെതിരെ രംഗത്ത് വന്നിട്ട് കെ.സി നേതാവിന് അങ്ങനെ മൈലേജ് ഉണ്ടാക്കി കൊടുക്കണ്ടന്നാണ് ഗ്രൂപ്പിന് അതീതമായ തീരുമാനമത്രെ. കാര്യം ഇതൊക്കെയാണെങ്കിലും പ്രതിഷേധം കനപ്പിച്ച് സമഗ്രാന്വേഷണത്തിനെങ്ങാനും ഉത്തരവിട്ടാൽ ‘സർട്ടിഫിക്കറ്റുകളുടെ’ കാര്യം ആലോചിച്ച് ഭരണ-പ്രതിപക്ഷ തീരുമാന പ്രകാരമുള്ള മൗനമാണെന്നാണ് ഹസനാരിക്കയും സദാനന്ദൻ ചേട്ടനും ഒന്നിച്ച് പറയുന്നത്. ആ എന്തേലും ആകട്ടെ....

Tags:    
News Summary - Odanattu politics which is shaking feverishly on fake certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.