ചേലപ്പുറത്ത് നിന്നുള്ള കെട്ടുകാളകളെ ഓച്ചിറ പടനിലത്തേക്ക് എത്തിക്കാനായി സ്ത്രീകളുടെ നേതൃത്വത്തിൽ ദേശീയ പാതയിലേക്ക് കയറിയപ്പോൾ

ഏഴ് നില പൊക്കമുള്ള നന്ദികേശന്മാർ പടനിലത്തെത്തി​​; ദൃശ്യവിസ്മയമൊരുക്കി ഓച്ചിറ കാളകെട്ടുത്സവം

കായംകുളം: ദൃശ്യവിസ്മയ കാഴ്ചകളുമായി തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുൽസവത്തോടെ ഓണാട്ടുകരയിലെ ഉൽസവ മേളങ്ങൾക്ക് തുടക്കമായി. രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 52 ഓളം കരകളിൽ നിന്നുമായി നൂറുകണക്കിന് കെട്ടുകാളകളെയാണ് ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഓച്ചിറ പടനിലത്തേക്ക് എത്തിച്ചത്. ആഘോഷത്തെ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ജനസഞ്ചയമാണ് കെട്ടുകാഴ്ചകൾക്ക് സാക്ഷിയാകാനായി പാതയോരങ്ങളിലേക്ക് ഒഴുകി എത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകളായി സ്ഥാനംപിടിച്ച കാലഭൈരവനും ഓണാട്ടുകതിരവനും മുതൽ കൈക്കുള്ളിൽ ഒതുങ്ങുന്ന കുഞ്ഞ് നന്ദികേശൻമാർ വരെയാണ് കെട്ടുൽസവത്തിൽ അണിനിരന്നത്. ഞക്കനാൽ പടിഞ്ഞാറെ കരയുടെ 72 അടി ഉയരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശനാണ് തലയെടുപ്പോടെ നിന്നത്. ഏഴ് നില കെട്ടിടത്തിന്റെ പൊക്കമുള്ള നന്ദികേശന്റെ തലക്ക് മാത്രം 19 അടിയോളം വലിപ്പമുണ്ടായിരുന്നു.

വിളവെടുപ്പിന് ശേഷമുള്ള ആഘാഷതിമിർപ്പായാണ് ചിങ്ങമാസത്തിലെ ഓണാഘോഷത്തെ ഓണാട്ടുകരക്കാർ കണ്ടിരുന്നത്. ഇത് കഴിഞ്ഞ് 28 ദിവസം പിന്നിടുമ്പോൾ വിളവെടുപ്പിന് സഹായിച്ച ഉരുക്കളെ ഓച്ചിറ ക്ഷേത്രസന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത് പതിവായിരുന്നു. കുങ്കുമവും മാലയും ചാർത്തി മധുരപലഹാരങ്ങളും നൽകിയായിരുന്നു എഴുന്നള്ളത്ത്. ഇത് ആഘോഷമായി വികസിച്ചതോടെ തടിയിലും വൈക്കോലിലുമായി കെട്ടിയലങ്കരിച്ച കെട്ടുകാളകളുടെ രൂപങ്ങളുമായി ഓരോ കരക്കാരും ഓച്ചിറയിലേക്ക് എത്താൻ തുടങ്ങി. ഇതിെൻറ തുടർച്ചയെന്നവണ്ണമാണ് ഏഷ്യയിലെ തന്നെ വലിയ കെട്ടുത്സവമായി ഓച്ചിറ ഇരുപത്തിയെട്ടാം ഓണ മഹോത്സവം രൂപാന്തരം പ്രാപിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളയായ കാലഭൈരവനും കൃഷ്ണപുരം മാമ്പ്രകന്നേൽ കരയുടെ ഓണാട്ടുകതിരവനുമാണ് മികവാർന്ന കെട്ടുകാഴ്ച്ച ഒരുക്കുന്നത്. കൂടാതെ കിണറുമുക്ക്, പ്രയാർ, പായിക്കുഴി, മേമന ,ആലുംപീടിക, ഇടയനമ്പലം, മുട്ടത്തുമണ്ണേൽ, ഞക്കനാൽ, തെക്കു കൊച്ചുമുറി, പള്ളിക്കടവ്, തോട്ടത്തിൽ മുക്ക്, പുതിയിടം, കാപ്പിൽ, കട്ടച്ചിറ, കുറുങ്ങാപ്പള്ളി, മഠത്തികാരാഴ്മ, വട്ടയ്ക്കാട്, ആലുംപീടിക, പട്ടശ്ശേരിമുക്ക്, ശ്രായിക്കാട്ടുകര, അഴീക്കൽ, പുല്ലുകുളങ്ങര, മണിവേലിക്കടവ്, ഐക്യ ജങ്ഷൻ ചേലപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാന കെട്ടുകാഴ്ച്ച വരവ്.

ഐക്യ ജങ്ഷനിൽ നിന്നുള്ള കെട്ടു കാളകളെ സ്ത്രീകളാണ് പിടിച്ചതെന്ന പ്രത്യേകതയുണ്ട്. ഇവ കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും സിമൻറിലും ഉരുക്കിലും നിർമ്മിച്ച രൂപങ്ങളും വിസ്മയ കാഴ്ചകൾ ഒരുക്കി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആഘാഷങ്ങളിൽ പങ്കുചേരാനായി എത്തിയിരുന്നു.


Tags:    
News Summary - Ochira Ketulsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.