കോട്ടയം: പുറത്തുനിന്നുള്ളതിനെക്കാള് ഭീഷണി സഭക്കുള്ളിലെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ സര്‍ക്കുലർ. സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഞായറാഴ്ച അതിരൂപതയിലെ പള്ളികളില്‍ വായിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിെൻറ സര്‍ക്കുലറില്‍ പറയുന്നു.
‘നിങ്ങള്‍ തളരരുത് വിശ്വാസത്തില്‍ ഉറച്ചുനില്ക്കുക’ എന്നു തുടങ്ങുന്ന സര്‍ക്കുലറിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തുണക്കുന്നുണ്ട്. സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മർദം െചലുത്തുന്നതും മുറവിളി കൂട്ടുന്നതും മനുഷ്യത്വരഹിതമാണ്. ജനവികാരം ഇളക്കിവിട്ട് കോടതിെയപ്പോലും സമ്മർദത്തിലാക്കി സത്യവിരുദ്ധവിധി പുറപ്പെടുവിക്കാൻ ഇടയാക്കുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായെന്ന് ആശങ്കയുണ്ട്.
പൊലീസ് അന്വേഷണത്തിൽ നിഷ്പക്ഷത സംശയിക്കുകയും കോടതിയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളിൽ സുരക്ഷിതത്വബോധം ഇല്ലാതാക്കി നീതി നടപ്പാക്കുമോയെന്ന പ്രതീക്ഷ തകർക്കും. അത് ജനജീവിതത്തിൽ ഉളവാക്കുന്ന ആഘാതം വലുതായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. സഭയെയോ ശുശ്രൂഷകരെയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാര്‍ത്തിരിക്കുകയാണ്. ഇതിനായി ചില ക്രൈസ്തവ നാമധാരികളെ കൂട്ടുപിടിച്ച് ഉപകരണങ്ങളാക്കി.
ഇവര്‍ സഭാംഗങ്ങളായി കരുതപ്പെടുന്നെങ്കിലും പലരും സഭയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവരും സഭാ സംവിധാനങ്ങളോടും അധികാരികളോടും മറുതലിച്ചു നില്ക്കുന്നവരുമാണ്. സഭയോട് വിശ്വസ്തത പുലര്ത്താത്തവരെകൂട്ടുപിടിച്ച് വിശ്വാസികളുടെ ആത്മവീര്യം കെടുത്താനും സഭയെ തളര്‍ത്താനുമുള്ള തന്ത്രമാണ് നടക്കുന്നത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാതെ സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധ മനോഭാവത്തിലേക്ക് ആനയിക്കാനുള്ള കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.