‘സർക്കാർ നിലപാട് വ്യക്തമാക്കണം, അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കും’ -എൻ.എസ്.എസ്

ചങ്ങനാശ്ശേരി: ഷംസീർ വിഷയത്തിലെ നിലവിലെ പ്രതികരണങ്ങൾ വിശ്വാസികളുടെ വേദനക്ക് പരിഹാരമല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും എൻ.എസ്.എസ്. സി.പി.എം സംസ്ഥാന സെക്രടറി എം.വി. ഗോവിന്ദന്‍റെയും സ്പീക്കർ എ.എൻ. ഷംസീറിന്‍റെയും വാർത്താസമ്മേളനങ്ങളിലെ പ്രതികരണത്തിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് നിന്നും ജന. സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാസ്പീക്കർ ഷംസീറിന്‍റെ തെറ്റായ പരാമർശങ്ങൾക്കെതിരെ എൻ.എസ്.എസ്. പ്രതികരിച്ചിരുന്നു. സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല, വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധം നടത്തിയ പ്രസ്തുത പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പു പറയണം. അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് എൻ.എസ്.എസ്. ഉന്നയിച്ചിരുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഈ വിഷയത്തിൽ ഷംസീർ മാപ്പു പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല, ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണ് എന്ന പ്രതികരണമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയിൽ നിന്നും ഉണ്ടായത്. പാർട്ടി സെക്രട്ടറിയുടെ അഭിപ്രായി മാത്രമേ ഇതിനെ വിശ്വാസികൾ കാണുന്നുള്ളൂ. പ്രസ്തുത വിഷയത്തിൽ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനക്ക് പരിഹാരമാകുന്നില്ല, ഇനിയും അറിയേണ്ടത് ഇക്കാര്യത്തിൽ സർക്കാറിന്‍റെ നിലപാടെന്താണെന്നാണ്. സർക്കാർ നിലപാടും ഇതേ രീതിയിലാണെങ്കിൽ പ്രശ്ന പരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാർഗങ്ങൾ തേടേണ്ടതായി വരുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.