ഉമ’ നെല്ല് പരിപാലനത്തിന് ഇനി ബഹിരാകാശ സാങ്കേതിക വിദ്യയും

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അരിയായ ‘ഉമ’ ഇനി തീൻമേശയിലെത്തുന്നത് ബഹിരാകാശ സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ. ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഉമ നെല്ലിനത്തിന്‍റെ സ്പെക്ടറൽ ലൈബ്രറി വികസിപ്പിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയം കണ്ടു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെയും (കുഫോസ്) കോഴിക്കോട്ടെ ജല വിഭവ വികസന, വിനിയോഗ കേന്ദ്രത്തിലെയും (സി.ഡബ്ലിയു.ആർ.ഡി.എം) ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണമാണ് ‘ഉമ’യുടെ സ്പെക്ടറൽ ലൈബ്രറി വികസിപ്പിക്കുന്നതിൽ വിജയിച്ചത്. കുഫോസിൽ ഡോ. ഗിരീഷ് ഗോപിനാഥും സി.ഡബ്ലിയു.ആർ.ഡി.എമ്മിൽ ഡോ. യു. സുരേന്ദ്രനും ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംസ്ഥാനത്ത് എവിടെ ‘ഉമ’ നെൽകൃഷി ഉണ്ടെങ്കിലും ബഹിരാകാശ സ്പെക്ടറൽ ലൈബ്രറിയിലൂടെ അറിയാനാകും. ഇതിലൂടെ നെൽച്ചെടിയുടെ വളർച്ചക്കുറവ്, രോഗബാധ, വയലിലെ ജല ലഭ്യത, നെല്ലിന്‍റെ മൂപ്പ്, ലഭിക്കുന്ന വിളവിന്‍റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താനും വേണ്ട പ്രതിവിധികൾ ചെയ്യാനും കഴിയും. ‘ഉമ’ കൃഷി ചെയ്യുന്നവരുടെ ചെലവ് വലിയ തോതിൽ കുറക്കാൻ ഈ സങ്കേതം സഹായിക്കുമെന്ന് ഡോ. ഗിരീഷ് പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ഗവേഷണത്തിന് ധനസഹായമായി 83.5 ലക്ഷം നൽകിയത്.

ഇവളാണ് ‘ഉമ’

പൂർണമായും കേരളത്തിൽ തദ്ദേശീയമായി കൃഷി ചെയ്യുന്ന നെല്ലിനമാണ് ഉണ്ട മട്ട എന്ന ഉമ. 1998ൽ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെൽ ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ച് പുറത്തിറക്കിയത്. മികച്ച ഉൽപാദനക്ഷമതയും രോഗ പ്രതിരോധ ശേഷിയുമുള്ള ഈ നെല്ലിനം പെട്ടെന്നുതന്നെ കുട്ടനാട്ടിലെ കർഷകരുടെ മനം കവർന്നു. നല്ല മണവും രുചിയുമുള്ള ചോറ് നൽകുന്ന ഉമ കുട്ടനാടൻ ഉണ്ട മട്ട എന്ന പേരിൽ മലയാളിയുടെ തീൻമേശ കീഴടക്കിയതോടെ നെൽകർഷകർ ഏറ്റെടുത്തു. നിലവിൽ കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന നെല്ലിനമാണിത്.

മികച്ച രീതിയിൽ വിള പരിപാലനത്തിന് സ്പെക്ടറൽ ലൈബ്രറി കർഷകരെ പ്രാപ്തരാക്കുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു.

Tags:    
News Summary - Now space technology for Uma' rice management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.