പിടിയിലായ മുഹമ്മദ് ജലാലുദ്ദീൻ

മസ്ജിദ് വരാന്തയിൽ വിശ്രമിച്ചു, ജീവനക്കാരൻ പോയതോടെ അകത്ത് കയറി വാതിലടച്ച് നേർച്ചക്കുറ്റികളിൽ നിന്ന് വിദഗ്ധമായി പണം കവർന്നു; കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി

ചെങ്ങമനാട്: മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. പട്ടാപ്പകൽ പറമ്പയം ജുമാ മസ്ജിദിനകത്ത് കയറി നേർച്ചക്കുറ്റികളിൽ നിന്ന് പണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.

മലപ്പുറം കൊണ്ടോട്ടി വടക്കേക്കര കുന്നത്ത് വീട്ടിൽ മുഹമ്മദ് ജലാലുദ്ദീനാണ് (39) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. വഴിയാത്രക്കാരനെ പോലെ മസ്ജിദിലെത്തി വരാന്തയിൽ വിശ്രമിക്കുകയായിരുന്ന മോഷ്ടാവിനെ മസ്ജിദിലെ ജീവനക്കാരൻ കണ്ടിരുന്നു. എന്നാൽ ഇമാമിന് ഭക്ഷണം വാങ്ങി ജീവനക്കാരൻ മടങ്ങി വന്നപ്പോൾ മസ്ജിദിലെ നമസ്ക്കാര ഹാൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതോടെ ഖബർസ്ഥാനിന് സമീപത്തെ വരാന്തയിലൂടെ വന്ന് നോക്കിയപ്പോൾ രണ്ട് നേർച്ചക്കുറ്റികളിൽ നിന്നുമായി ആക്സോ ബ്ളേഡ്, പ്ളയർ, സ്റ്റീൽ സ്കയിൽ, പപ്പടകമ്പി, പശ തുടങ്ങിയവ ഉപയോഗിച്ച് ഇയാൾ പണം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ജീവനക്കാരനെ കണ്ടതോടെ കവർന്ന പണവുമായി മോഷ്ടാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാരൻ ഒച്ചവെച്ചു.

അതോടെ നാട്ടുകാരും, മസ്ജിദ് ഭാരവാഹികളും മറ്റും ഓടിയെത്തി കൈയോടെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും, മോഷണത്തിന് മുമ്പ് ദേശീയപാതയോരത്ത് വച്ച സ്കൂട്ടറും നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ പറമ്പയം മസ്ജിദിൽ നിന്ന് നേർച്ചക്കുറ്റി കുത്തിത്തുറന്ന് ഇയാൾ പണം കവർന്നതായാണ് സൂചന. മറ്റു മസ്ജിദുകളിൽ നിന്നും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുള്ളതായും ഇയാൾ വെളിപ്പെടുത്തിയതായി മസ്ജിദ് ഭാരവാഹികൾ പറഞ്ഞു.

പൂട്ട് തുറക്കാതെ നേർച്ചക്കുറ്റികളിൽ നിന്ന് വിദഗ്ദമായാണ് ഇയാൾ പണം മോഷ്ടിക്കുന്നതത്രെ. സ്കൂട്ടറിനകത്ത് നിന്ന് മോഷണത്തിനുപയോഗിക്കുന്ന ചെറു ആയുധങ്ങളും, ബാഗിന്റെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന മോഷ്ടിച്ച പണവും കണ്ടെടുത്തിട്ടുണ്ട്. പരസ്പര വിരുദ്ധമായി സംസാരിക്കുകയും, മൊഴികൾ മാറ്റിപ്പറയുകയും ചെയ്തതോടെ മോഷണം സംബന്ധിച്ചും, സ്കൂട്ടറിന്റെ ഉടമയെ സംബന്ധിച്ചും മറ്റും എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു. എസ്.ഐ ബൈജു കുര്യൻ, സീനിയർ സി.പി.ഒമാരായ കെ.കെ നിഷാദ്, ടി.എൻ. സജിത്, ടി.എ കിഷോർ, ജിസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Notorious thief who robbed mosques arrested by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.