ശോഭ സുരേന്ദ്രന്‍റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിന് നോട്ടീസ്

ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍റെ പരാതിയിൽ വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാറിന് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പുന്നപ്ര പൊലീസ് ആണ് നോട്ടീസ് നൽകിയത്.

ഈ മാസം ഒമ്പതിന് രാവിലെ 11ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയത്. ഈ കേസിൽ ശോഭയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നന്ദകുമാറിന്‍റെ വാർത്താസമ്മേളനം പരിശോധിക്കുകയും ചെയ്തു.

2016ൽ ബി.ജെ.പി വിട്ട് വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചെന്നും എന്നാൽ, ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്നുമാണ് നന്ദകുമാർ മുമ്പ് പറഞ്ഞത്.

ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായാണ് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടത്. ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി.

വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ്‌ കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് തൊട്ടുമുമ്പാണ് ഇ.പി പിന്മാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Notice to broker Nandakumar on Shobha Surendran's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.